ബെംഗളുരു: രക്തദാനത്തിന് ശേഷം ഫ്രൂട്ടി കുടിക്കുന്നതൊക്കെ ഇനി പഴങ്കഥ. പുതിയ മാറ്റങ്ങൾ പരീക്ഷിച്ച് വിറ്റലിൽ സംഘടിപ്പിച്ച രക്തദാന കാംപ്. ഇവിടെ ഫ്രൂട്ടിക്ക് പകരം കൊടുത്തത് പെട്രോളും ഡീസലും.
രക്തം ദാനം ചെയ്യാൻ ആളുകളിൽ അവബോധമുണ്ടാക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ഇത്തരം പരീക്ഷണമെന്ന് ഒക്കെട്ടൂർ സർക്കാർ സ്കൂളിൽ സംഘടിപ്പിച്ച കാംപിന്‍റെ സംഘാടകർ പറഞ്ഞു. വിറ്റൽ സോൺ ഓഫ് ലൈറ്റ് ആൻഡ് വോയ്സ് ഡീലേഴ്സ്, മംഗളപാടവു ഐഡിയൽ പെട്രോൾ പമ്പ്, വിറ്റൽ ലയൺസ് ക്ലബ്, മംഗലാപുരം കെഎംസി ആശുപത്രി എന്നീ സംഘടനകൾ ചേർന്നാണ് കാംപ് സംഘടിപ്പിച്ചത്.
കൊവിഡ് കാലഘട്ടത്തിൽ ആശുപത്രികളിലെ ബാങ്കിൽ രക്തത്തിന് ക്ഷാമം നേരിട്ടതാണ് ഇത്തരമൊരു നീക്കത്തിന് പ്രേരണയായത്. രക്തദാനം ചെയ്യുന്ന ആദ്യത്തെ 50 പേർക്കാണ് ഒരു ലിറ്റർ പെട്രോളോ ഡീസലോ അടിക്കാനുള്ള കൂപ്പൺ സമ്മാനമായി നല്‍കുന്നത്.