ന്യൂഡൽഹി:രാജ്യത്ത് എക്കാലത്തെയും ഉയർന്ന നിരക്ക് രേഖപ്പെടുത്തി ഇന്ധന വില കുതിക്കുന്നു. ഈ ആഴ്‌ച നാലാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്. എണ്ണ വിപണന കമ്പനികളുടെ വില വിജ്ഞാപന പ്രകാരം പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതം ഉയർത്തി. ഇതോടെ മുംബൈയിലെ പെട്രോൾ വില ലിറ്ററിന് 92.28 രൂപയും ഡല്‍ഹിയില്‍ 85.70 രൂപയുമായി.
ഡീസൽ വില നിരക്ക് രാജ്യതലസ്ഥാനത്ത് ലിറ്ററിന് 75.88 രൂപയും മുംബൈയിൽ ലിറ്ററിന് 82.66 രൂപയായും ഉയർന്നു. പ്രാദേശിക വിൽപന നികുതി(വാറ്റ്) അനുസരിച്ച് ഓരോ സംസ്ഥാനങ്ങളിലുമുള്ള വ്യത്യസ്‌ത ഇന്ധന വില ഇപ്പോൾ രാജ്യത്ത് റെക്കോർഡ് വര്‍ധനവിലാണ്. ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നിനായി എക്‌സൈസ് തീരുവ കുറയ്‌ക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന വിതരണക്കാരായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ ഒരു മാസത്തെ ഇടവേളയ്‌ക്ക് ശേഷം ജനുവരി ആറിന് വില പരിഷ്‌കരണം പുനരാരംഭിച്ചു. അതിന് ശേഷം പെട്രോളിന് ലിറ്ററിന് 1.99 രൂപയും ഡീസൽ വില 2.01 രൂപയും ഉയർന്നു. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ കൊവിഡ് വാക്‌സിനുകൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്‌ട്ര എണ്ണവില ഉയരുന്നത്.
ഈ മാസത്തെ വിലക്കയറ്റത്തിന് മുൻപ് 2018 ഒക്‌ടോബർ നാലിനാണ് ഇന്ധന വില അവസാനമായി റെക്കോർഡ് ഉയരത്തിലെത്തിയിരുന്നത്. അന്താരാഷ്‌ട്ര വിലയ്‌ക്കും വിദേശനാണ്യ നിരക്കിനും അനുസരിച്ച് പെട്രോൾ, ഡീസൽ വിലയിൽ ദിവസേന മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.