ന്യൂഡൽഹി: രാജ്യത്തെ പ്രധാന നഗരങ്ങളിലും സംസ്ഥാനങ്ങളിലും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില. തുടർച്ചയായ ആറാം ദിവസമാണ് ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരുന്നത്. ഡൽഹിയിൽ പെട്രോൾ വില 90.56 രൂപയും ഡീസൽ വില 80.87 രൂപയുമാണ്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം ഇന്ധന വില സർവകാല റെക്കോർഡിലാണ്. ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്.
ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്ത് എണ്ണ കമ്പനികൾ ഇന്ധനവില നിർണയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ബാരൽ അസംസ്‌കൃത എണ്ണയ്ക്ക് ഇന്ന് 64.28ഡോളറാണ് വില. 73.38 രൂപയിലാണ് ഡോളര്‍ വിനിമയം നടക്കുന്നത്. ആഗോളതലത്തിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞതിനെ തുടർന്ന് പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 22 പൈസയും 23 പൈസയും കുറഞ്ഞിരുന്നു. മുംബൈയിൽ പെട്രോൾ ലിറ്ററിന് 96.98 രൂപയും ഡീസലിന് ലിറ്ററിന് 87.96 രൂപയുമാണ് വില. പ്രീമിയം പെട്രോളിന്‍റെ വില നഗരത്തിൽ ലിറ്ററിന് 100 രൂപയിൽ തുടരുന്നു.