ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 84 പൈസയും ഡീസല്‍ ലിറ്ററിന് 81 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്ത് ഇന്ധന വില ഉയരുന്നത്. വെള്ളിയാഴ്‌ച അര്‍ദ്ധ രാത്രി മുതല്‍ പുതിയ വില നിലവില്‍ വന്നു. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 98.61 രൂപയും ഡീസല്‍ ലിറ്ററിന് 89.87 രൂപയുമാണ് ഇന്നത്തെ വില.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായ നിര്‍ത്തിവച്ചിരുന്ന ഇന്ധന വില വർധന മാർച്ച് 22 നാണ് പുനരാരംഭിച്ചത്. തുടർന്ന് മാർച്ച് 24-ാം തീയതി ഒഴികെ എല്ലാ ദിവസവും വില കൂടി. കഴിഞ്ഞ ദിവസം പെട്രോള്‍ ലിറ്റിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം നാല് തവണയായി 3.20 രൂപ വര്‍ധിപ്പിച്ചു.
കേരളത്തില്‍ പെട്രോളിന് 80 പൈസയും ഡീസലിന് 78 പൈസയും ഉയര്‍ന്നു. അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് പെട്രോളിന് 3.42 രൂപ കൂടി 109.78 രൂപയായി. ഡീസൽ വില 3.32 രൂപ കൂടി 96.79 ആയി.
Also Read: ഇന്ധന വിലവർധനവ്; രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ബിനോയ് വിശ്വം
ക്രൂഡോയില്‍ വില ഉയര്‍ന്ന സാഹചര്യത്തിലാണ് എണ്ണ കമ്പനികള്‍ വില ഉയര്‍ത്തിയതെന്നാണ് വിശദീകരണം. നവംബറിന് മുന്‍പ് ക്രൂഡോയില്‍ ബാരലിന് 82 ഡോളറായിരുന്നത് നിലവില്‍ 117 ഡോളറായി. അതിനാല്‍ വരും ദിവസങ്ങളില്‍ ഇന്ധന വില വീണ്ടും ഉയരാനാണ് സാധ്യത.