'മുൻപ് പലവട്ടം ഞാൻ മരണത്തെ അഭിമുഖീകരിക്കുകയും മറികടക്കുകയും ചെയ്‌തിട്ടുണ്ട്. അപ്പോഴൊക്കെ വിധി എന്നെ നോക്കി പുഞ്ചിരി തൂകിയിരുന്നു. ഒരു പൂച്ചയ്‌ക്ക് ഒന്‍പത് ജന്മം ഉണ്ടാവുമെന്ന പഴമൊഴി കേട്ടിട്ടുണ്ട്. അതിനേക്കാള്‍ എനിക്കുണ്ടാവണമെന്ന് ഞാൻ പ്രാർഥിക്കാറുണ്ടായിരുന്നു' - ഇന്ന് അന്തരിച്ച, പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷാറഫിന്‍റെ വാക്കുകളാണിത്.
പൂച്ചയുടെ ജീവിതവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന കണക്കിനോട് സമാനമായിരുന്നോ അദ്ദേഹത്തിന്‍റെ ജീവിതം എന്നതില്‍ വ്യക്തതയില്ല. എന്നാൽ, കുറഞ്ഞത് ആറ് കൊലപാതക ശ്രമങ്ങളെയെങ്കിലും അദ്ദേഹം അതിജീവിച്ചുവെന്നത് വസ്‌തുതയാണ്. അവസാനമായി, 2022 ജൂണിൽ മരിച്ചുവെന്ന് കിംവദന്തി വരെയുണ്ടായിരുന്നു. 1999നും 2007നും ഇടയിൽ പര്‍വേസ് മുഷാറഫ് പ്രസിഡന്‍റായിരുന്ന കാലത്താണ് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷം പരകോടിയിലെത്തുന്നത്.
ഇന്ത്യയ്‌ക്കെതിരായ നീക്കം സൈനിക മേധാവിയായപ്പോള്‍: പാക് സൈനിക മേധാവിയായപ്പോൾ തന്നെ കാർഗിൽ മലനിരകളിലേക്ക് നുഴഞ്ഞുകയറാൻ പാക് പട്ടാളത്തെ അയച്ചുതുടങ്ങിയിരുന്നു മുഷാറഫ്. തുടര്‍ന്ന്, അദ്ദേഹം പ്രസിഡന്‍റായി എത്തിയ 1999 മെയ് മൂന്നിന്, കാര്‍ഗില്‍ യുദ്ധമായി ഈ നീക്കത്തെ എത്തിച്ചു. ശേഷം, ജൂലൈ 26 വരെ ഈ യുദ്ധം നീണ്ടുനിന്നു.
1943 ഓഗസ്റ്റ് 11ന് ഡൽഹിയിലാണ് മുഷാറഫിന്‍റെ ജനനം. 1947ലെ വിഭജനത്തിനുശേഷം ദശലക്ഷക്കണക്കിന് മുസ്‌ലിങ്ങളെപ്പോലെ അദ്ദേഹത്തിന്‍റെ കുടുംബവും പാകിസ്ഥാനിലേക്ക് ചേക്കേറുകയും കറാച്ചിയിൽ സ്ഥിരതാമസമാക്കുകയും ചെയ്‌തു. ലാഹോറിലും കറാച്ചിയിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1961ല്‍ പാകിസ്ഥാൻ മിലിട്ടറി അക്കാദമിയിൽ പ്രവേശിക്കുകയുണ്ടായി. 1965ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ കമ്പനി കമാൻഡറായി സേവനമനുഷ്‌ഠിച്ച അദ്ദേഹം പില്‍ക്കാലത്ത് കരസേന മേധാവി എന്ന പദവിയിലെത്തി.
വളരെ സുപ്രധാനമായ ഈ പദവിയില്‍ എത്തിയ ശേഷമാണ് പട്ടാള അട്ടിമറിയിലൂടെ പാകിസ്ഥാന്‍റെ ഭരണം അദ്ദേഹം പിടിച്ചെടുത്തത്. നവാസ് ഷെരീഫ് പാകിസ്ഥാൻ പ്രധാനമന്ത്രിയായിരിക്കെയാണ് മുഷാറഫ് സൈന്യത്തിന്‍റെ ഉന്നത പദവി നല്‍കിയിരുന്നത്.
സമാധാന ചർച്ചയ്‌ക്ക് തുരങ്കം വച്ച മുഷാറഫ്: പാക് സര്‍ക്കാരിനെതിരായി അദ്ദേഹം നീക്കം നടത്തുന്ന സൂചന ലഭിച്ചതോടെ സൈന്യത്തിന്‍റെ തലപ്പത്തുനിന്നും മാറ്റാനും നിയന്ത്രണം ഏറ്റെടുക്കാനും ഷരീഫ് ശ്രമം നടത്തിയിരുന്നു. എന്നാല്‍, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എതിർത്തതിനാൽ ഇത് പരാജയപ്പെടുകയായിരുന്നു. അധികാരത്തിലെത്തിയ ഉടനെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇടപെടാതെ അദ്ദേഹം ഈ രാജ്യങ്ങളുടെയും ബന്ധം മോശമാക്കാനാണ് ശ്രമിച്ചത്.
1999ൽ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയി, പാക് പ്രധാനമന്ത്രി നവാസ് ഷരീഫുമായി സമാധാന ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഇതിനെയടക്കം തുരങ്കംവച്ചാണ് അദ്ദേഹം രാഷ്‌ട്രത്തലവനായതും ഇന്ത്യക്കെതിരെ പോര് നയിച്ചതും.
ALSO READ| പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷാറഫ് അന്തരിച്ചു
സൈനിക മേധാവിയായിരിക്കെ പർവേസ് തയാറാക്കിയ 'ഓപ്പറേഷൻ ബദർ' ആണ് കശ്‌മീരിനെ ചൊല്ലിയുള്ള കാർഗിൽ യുദ്ധമായി രൂപാന്തരം പ്രാപിച്ചത്. ഇന്ത്യൻ സൈനികരെ വധിച്ച് മൃതദേഹങ്ങൾ വികൃതമാക്കാനും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സേന മടിച്ചില്ല. പർവേസ് മുഷാറഫ് 2001ല്‍ ആഗ്ര ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ മഞ്ഞുരുകുമെന്ന് കരുതപ്പെട്ടെങ്കിലും അതുണ്ടായില്ല. കൂടാതെ 2001 ജൂലൈയിൽ പാക് പിന്തുണയുള്ള ഭീകരർ ഇന്ത്യൻ പാർലമെന്‍റ് ആക്രമിയ്ക്കുകയുണ്ടായി.
ഇന്ത്യക്കെതിരെ ആക്രമണം നടത്താൻ ഭീകരർക്ക് പരിശീലനം നൽകിയെന്ന് പിൽക്കാലത്ത് മുഷാറഫ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ആഗോള തലത്തില്‍ തന്നെ ഇത് വലിയ വാര്‍ത്താപ്രാധാന്യം നേടുകയുമുണ്ടായി.