തുമകുരു(കർണാടക): കുടുംബവഴക്കിനെ തുടർന്ന് ഗൃഹനാഥൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിപ്പിച്ച് ആത്മഹത്യ ചെയ്‌തു. വ്യാഴാഴ്‌ച(മെയ് 19) രാത്രി തുമകുരു താലൂക്കിലെ സോരെകുണ്ടേ ഗ്രാമത്തിലാണ് സംഭവം. ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്ന് ഗോവിന്ദപ്പയാണ് ആത്മഹത്യ ചെയ്‌തത്.
രക്ഷാപ്രവർത്തനത്തിനെത്തിയ രണ്ട് പൊലീസുകാർക്കും ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റു. ഭാര്യയുമായുള്ള വഴക്കിനിടയിൽ ആത്മഹത്യ ഭീഷണി മുഴക്കിയ ഗോവിന്ദപ്പ മുറിയിൽ കയറി കതകടച്ചു. ഭാര്യ ഇക്കാര്യം അയൽവാസികളെ അറിയിക്കുകയും അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയും ചെയ്‌തു.
തുടർന്ന് സ്ഥലത്തെത്തിയ റൂറൽ പൊലീസ് സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിൾ ഗലിരംഗപ്പയും ഡ്രൈവർ ഗൂലിപ്പപ്പയും മുറിയുടെ ജനലിലൂടെ ഗോവിന്ദപ്പയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഗ്യാസ് സിലിണ്ടർ തുറന്ന് തീകൊളുത്തുകയായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ജനലിനരികിൽ നിൽക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും മുഖത്തും തലയിലും സാരമായ പൊള്ളലേറ്റു. ഗുരുതരമായ പൊള്ളലേറ്റ ഗോവിന്ദപ്പയെ വിദഗ്‌ദ ചികിത്സക്കായി ബെംഗളുരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണമടഞ്ഞു.
പൊള്ളലേറ്റ പൊലീസുകാരെ തുമകുരു ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു.