ന്യൂഡൽഹി: റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിൻ അടിയന്തര ഉപയോഗത്തിന് ഇന്ത്യക്ക് അനുമതി ലഭിച്ചത് പുതിയ മാനം നൽകുമെന്ന് റഷ്യൻ പ്രതിനിധി. സ്‌പുട്‌നിക് വാക്‌സിൻ അംഗീകാരത്തിന് ഇത് വളരെ പ്രധാനപ്പെട്ട ഘട്ടമാണ്. ഈ അംഗീകാരം ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ മാനം നൽകുമെന്ന് ഇന്ത്യയിലെ റഷ്യൻ പ്രതിനിധി റോമൻ ബബുഷ്‌കിൻ അറിയിച്ചു. ഇത് ഇന്ത്യയിലെ വാക്‌സിനേഷൻ ശ്രമങ്ങൾക്ക് പിന്തുണ നൽകും. റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് വിദഗ്‌ധ സമിതിയിൽ നിന്ന് അനുമതി ലഭിച്ചിരുന്നു.
ഇതോടെ സ്‌പുട്‌നിക് 5 വാക്‌സിൻ ഉപയോഗത്തിന് അംഗീകാരം ലഭിക്കുന്ന അറുപതാമത്തെ രാജ്യമായി ഇന്ത്യ മാറി. ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം തുല്യവും ദൃഢവും സമഗ്രവുമായി മുന്നോട്ട് പോകുമെന്ന് റഷ്യൻ അംബാസിഡർ നിക്കോളായ് കുഡാഷെവ് പറഞ്ഞു. ലോകത്തെ മൊത്തം ജനസംഖ്യയിൽ 40 ശതമാനത്തോളം വരുന്ന രാജ്യങ്ങൾക്കാണ് സ്‌പുട്‌നിക് വാക്‌സിന് അനുമതി ലഭിച്ചത്. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഈ വർഷം തന്നെ ഇന്ത്യ സന്ദർശിക്കുമെന്നും കുഡാഷെവ് അറിയിച്ചു.