നോയിഡ : നൂറ് മീറ്ററോളം ഉയരമുള്ള നോയിഡയിലെ ഇരട്ട കെട്ടിടങ്ങള്‍ പൊളിക്കുന്നത് കാണാൻ നേരിട്ടെത്തിയത് നിരവധി ആളുകളാണ്. കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് പലരും നിര്‍ണായക സംഭവം നേരില്‍ കാണാൻ എത്തിയത്. ഇക്കൂട്ടത്തില്‍ ആഗ്രയിൽ നിന്നൊരു കുടുംബവുമുണ്ടായിരുന്നു.
റിയാസും ഭാര്യ റുക്‌സാനയും ചെറുമകനും ആഗ്രയിൽ നിന്ന് 200 കിലോമീറ്റർ സഞ്ചരിച്ചാണ് നോയിഡയിൽ എത്തിയത്. അഞ്ച് വയസുകാരനായ കൊച്ചുമകൻ അക്രത്തിന്‍റെ ആഗ്രഹ പ്രകാരം മൂവരും എത്തുകയായിരുന്നു. ഞായറാഴ്‌ച(28.08.2022) ഉച്ചയ്‌ക്ക് 2.30ന് 100 മീറ്റർ ഉയരമുള്ള അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോ ചെറുമകൻ അക്രം ഫേസ്ബുക്കിൽ കണ്ടിരുന്നു. അന്നുമുതൽ കെട്ടിടം പൊളിക്കുന്നത് കാണാൻ തന്നെയും കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് അവന്‍ സമ്മർദം ചെലുത്തുകയായിരുന്നുവെന്ന് റിയാസ് പറഞ്ഞു.
ഇതൊരു വലിയ സംഭവമാണ്. കൂടാതെ ചരിത്രപരവും. ഇത് നേരിൽ കാണണമെന്നത് ഞങ്ങളുടെ പേരക്കുട്ടിയുടെ ആഗ്രഹമായിരുന്നു. ഞങ്ങൾക്കും ഇത് നേരിൽ കാണണമെന്നുണ്ടായിരുന്നു. അതിനുവേണ്ടിയാണ് ഇത്രയും ദൂരം യാത്ര ചെയ്‌ത് എത്തിയത്. മാത്രമല്ല ഞങ്ങളുടെ വീട്ടിലെ ഏറ്റവും ഇളയ കുട്ടിയാണ് അക്രം. അവനോട് ഞങ്ങൾക്ക് നോ പറയാൻ കഴിയില്ല. അവന്‍റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റണമെന്നാണ് ഞങ്ങളുടെ ആഗ്രഹം റിയാസ് കൂട്ടിച്ചേർത്തു.
എന്നാൽ, സുരക്ഷ മുൻനിർത്തി എക്‌സ്‌ക്ലൂഷന്‍ സോണിന് മുൻപായി ഇവരെ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞു. കെട്ടിടം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്നത് അവര്‍ ദൂരെ നിന്ന് കണ്ടു. പ്രദേശത്തേക്ക് പ്രവേശിക്കുന്നതിൽ സാധാരണക്കാർക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും കെട്ടിടങ്ങൾ പൊളിക്കുന്നത് കാണാൻ വിദൂര പ്രദേശങ്ങളിൽ നിന്ന് റിയാസിനെയും കുടുംബത്തെയും പോലെ നിരവധി ആളുകളാണ് എത്തിച്ചേർന്നത്. ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിയായ അക്ഷയ് മിശ്രയും (18), സന്തോഷ് എന്ന 23കാരനും കെട്ടിടങ്ങൾ പൊളിക്കുന്നത് കാണാൻ ഏറെ ജൂരം സഞ്ചരിച്ചെത്തിയവരാണ്.
കെട്ടിടങ്ങൾ പൊളിക്കുന്നത് കാണാൻ പോവുകയാണെന്ന വിവരം വീട്ടുകാരോട് പറയാതെയാണ് അക്ഷയ് എത്തിയത്. നാല് മണിക്കൂർ യാത്ര ചെയ്‌താണ് അക്ഷയ് നോയിഡയിൽ എത്തിയത്. എന്നാൽ കെട്ടിടം പൊളിക്കുന്ന സ്ഥലത്ത് നിന്നും ഏകദേശം 100 മീറ്റർ മുൻപ് ഇയാളെയും പൊലീസ് തടഞ്ഞു.
കെട്ടിടം പൊളിക്കുന്നത് കാണാൻ ഞങ്ങളെ അനുവദിക്കണം, എന്തിനാണ് ഇത്രയും അധികം നിയന്ത്രണങ്ങൾ, കുറച്ചകലെ നിന്നെങ്കിലും ഈ കാഴ്‌ച കണ്ടോട്ടെ എന്നിങ്ങനെയായിരുന്നു കാണാനെത്തിയവരുടെ ആവശ്യങ്ങൾ. സെക്‌റ്റർ 93 എ-യില്‍ നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ്‌വേക്ക് സമീപം സ്ഥിതി ചെയ്യുന്ന 32 നിലകളുള്ള അപെക്‌സ്, 29 നിലകളുള്ള സെയാന്‍ എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളാണ് ഇന്ന് വെറും അവശിഷ്‌ടങ്ങളായി മാറിയത്.
മുൻകരുതലിന്‍റെ ഭാഗമായി കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നിടത്ത് നിന്ന് 500 മീറ്ററോളം ചുറ്റളവിലുള്ള എക്‌സ്‌ക്ലൂഷന്‍ സോണില്‍ മനുഷ്യനെയോ മൃഗങ്ങളെയോ വാഹനങ്ങളെയോ അനുവദിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന്‍റെ ഭാഗമായി സമീപത്തെ അപ്പാർട്ട്‌മെന്‍റ് കോംപ്ലക്‌സുകളായ എമറാൾഡ് കോർട്ടിലെയും എടിഎസ് വില്ലേജ് സൊസൈറ്റിയിലേയും ഏകദേശം 5,000 ഓളം താമസക്കാരെ ഒഴിപ്പിച്ചിരുന്നു.
പ്രദേശത്ത് നിന്ന് 5,000 പേരെ ഒഴിപ്പിച്ചതിന് പുറമേ ഏകദേശം 3,000 വാഹനങ്ങളും മാറ്റിയിരുന്നു. സമീപത്തുള്ള കെട്ടിടങ്ങൾക്ക് ഘടനാപരമായ കേടുപാടുകൾ സംഭവിക്കാത്ത വിധത്തിലായിരുന്നു സ്ഫോടനം. ശനിയാഴ്‌ച മുതല്‍ ഇവിടെ വന്‍ സുരക്ഷാ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരുന്നത്.
400 പൊലീസുകാരെയാണ് ഇരട്ട കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മേല്‍നോട്ടത്തിനും ഗതാഗത നിയന്ത്രണത്തിനുമായി വിന്യസിച്ചത്. ദേശീയ ദുരന്ത നിവാരണ സേന, പാരാമിലിറ്ററി എന്നിവയെ വിന്യസിച്ചതിന് പുറമെ മുന്‍കരുതലിന്‍റെ ഭാഗമായി നാല് ആംബുലന്‍സുകളും നാല് അഗ്നിശമന സേനാ വാഹനങ്ങളും സജ്ജീകരിച്ചിരുന്നു.