ഷിംല: ഹിമാചൽ പ്രദേശിൽ നിന്നും പുറത്തേക്ക് പോകുന്ന ആളുകൾ കൊവിഡ് ഇ-പാസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ഷിംല ഡെപ്യൂട്ടി കമ്മിഷണർ ആദിത്യ നേഗി. ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിൽ നിന്നും വരുന്നവർ 14 ദിവസത്തെ ക്വാറന്‍റൈനിൽ കഴിയേണ്ടത് നിർബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന ആളുകളുടെ കൈവശം 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടി-പിസിആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് ഉണ്ടെങ്കിൽ 14 ദിവസത്തെ ക്വാറന്‍റൈൻ ഒഴിവാക്കാമെന്നും ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.
അതേസമയം കാംഗ്ര, ഉന, സോളൻ, സിർമോർ എന്നീ നാല് ജില്ലകളിൽ സംസ്ഥാന സർക്കാർ ഏഴ് മണിക്കൂർ രാത്രി കർഫ്യൂ ഏർപ്പെടുത്തി. ഏപ്രിൽ 27ന് ആരംഭിച്ച നിയന്ത്രണങ്ങൾ മെയ് 10 രാത്രി 10 മുതൽ രാവിലെ അഞ്ച് വരെ തുടരും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഹിമാചൽ പ്രദേശിൽ സജീവ രോഗബാധിതരുടെ എണ്ണം 14,326 ആണ്.