ഗാന്ധി നഗർ: ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾ പാർലമെന്‍റിലും നിയമസഭകളിലും ആരോഗ്യകരമായ സംഭാഷണത്തിൽ ഏർപ്പെടണമെന്ന് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്. ജനപ്രതിനിധികൾ അസഭ്യമായ പദപ്രയോഗങ്ങൾ ഒഴിവാക്കണമെന്നും ജനാധിപത്യ മൂല്യങ്ങളോട് പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
ഗുജറാത്തിലെ കെവാഡിയ ഗ്രാമത്തിൽ നടന്ന 80-ാമത് അഖിലേന്ത്യാ പ്രിസൈഡിങ് ഓഫീസർമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കുകയെന്നതാണ് ജനപ്രതിനിധികൾ നേരിടുന്ന വലിയ വെല്ലുവിളിയെന്നും സഭക്ക് അകത്തും പുറത്തും അച്ചടക്കം പാലിക്കാൻ ജനപ്രതിനിധികൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.