നളന്ദ(ബിഹാര്‍): ബിഹാറിലെ നളന്ദയില്‍ വ്യാജ മദ്യം കഴിച്ച എട്ട് പേര്‍ മരിച്ചു. വെള്ളിയാഴ്‌ച വൈകുന്നേരമാണ് സംഭവം. സോപസരായി പൊലീസ് സ്റ്റേഷന് കീഴിലുള്ള ഛോട്ടി പലാരി, പഹര്‍ തല്ലി സ്വദേശികളാണ് മരിച്ചത്.
നിര്‍മാണ തൊഴിലാളികളായ ഇവര്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുകയും വീട്ടിലെത്തിയതിന് ശേഷം ആരോഗ്യസ്ഥിതി മോശമാവുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിഹാറിലെ ശരീഫ് സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് പേരുടെ നില ഗുരുതരമാണെന്ന് നളന്ദ എസ്‌പി അശോക് കുമാര്‍ അറിയിച്ചു.
Also read: 14കാരിയെ രക്തസ്രാവത്തോടെ കണ്ടെത്തിയ സംഭവം : ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിക്കാമെന്ന് ഗെലോട്ട്
അതേസമയം, മരണ കാരണം സ്ഥിരീകരിക്കാറായിട്ടില്ലെന്ന് സബ്-ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കുമാര്‍ അനുരാഗ് പറഞ്ഞു. മദ്യം കഴിച്ചാണോ മറ്റേതെങ്കിലുമാണോ മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.