ഗിരിദിഹ് : ജാർഖണ്ഡിൽ പ്രണയബന്ധത്തിന്‍റെ പേരിൽ യുവതിയെ മരത്തിൽ കെട്ടയിട്ട് വസ്‌ത്രങ്ങൾ വലിച്ച് കീറി. ബാഗോദർ സബ്‌ഡിവിഷന് കീഴിലുള്ള സരിയ ഏരിയയിലാണ് മനുഷത്വരഹിതമായ ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് സ്‌ത്രീകളുൾപ്പടെ നാല് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ജൂലൈ 26 (ബുധനാഴ്‌ച) രാത്രിയാണ് സംഭവം.
കേസിൽ കബഡിയതോല നിവാസികളായ വികാസ് കുമാർ സോനാർ, ശ്രാവൺ സോനാർ, രേഖ ദേവി, മുന്നി ദേവി എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. യുവതിക്ക് അടുത്തുള്ള ഗ്രാമത്തിലെ ഒരു യുവാവുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ ഇരുകൂട്ടരുടെയും കുടുംബം ഈ ബന്ധത്തെ എതിർത്തിരുന്നതായാണ് വിവരം.
യുവാവുമായുള്ള ബന്ധത്തിൽ യുവതിക്ക് അനുകൂലമായി തീർപ്പുണ്ടാക്കാനെന്ന വ്യാചേന പ്രതികൾ ഇവരെ വീട്ടിൽ നിന്ന് വിളിച്ചിറക്കി. ശേഷം ബുധനാഴ്‌ച രാത്രി യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി കാട്ടിലേയക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് മരത്തിൽ കെട്ടിയിടുകയും വസ്‌ത്രം വലിച്ച് കീറുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. ബന്ധം ഉപേക്ഷിക്കാൻ പലതവണ താക്കീത് നൽകിയിട്ടും യുവതി പിന്മാറിയില്ലെന്ന് അറസ്‌റ്റിലായവർ പൊലീസിനോട് പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ സജീവം, യുവതിയെ സഹോദരൻ കൊലപ്പെടുത്തി : ജൂലൈ 24 നാണ് തെലങ്കാനയിൽ റീലുകളും യൂട്യൂബ് ഷോര്‍ട്‌സുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് യുവതിയെ സഹോദരന്‍ കൊലപ്പെടുത്തിയത്. ഭദ്രാദി കോതഗുഡെം ജില്ലയില്‍ യെല്ലണ്ടു മണ്ഡലത്തിലാണ് സംഭവം. സംഘവി എന്ന അജ്‌മീര സിന്ധു (21) ആണ് സഹോദരന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സംഘവി കല്ലില്‍ തല ഇടിച്ച് വീണ് മരിച്ചെന്നാണ് കുടുംബം പുറത്ത് പറഞ്ഞത്. എന്നാല്‍ യുവതിയുടെ സംസ്‌കാര ചടങ്ങുകള്‍ തിടുക്കത്തില്‍ നടത്തിയതില്‍ സംശയം തോന്നിയ പ്രദേശവാസികൾ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.
സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നതിന്‍റെ പേരിൽ സംഘവിയും സഹോദരന്‍ ഹരിലാലും തമ്മിൽ നിരന്തരം വാക്കേറ്റമുണ്ടായിരുന്നതായും കൊലപാതകം നടന്ന ദിവസം ഹരിലാൽ ഇടികല്ല് കൊണ്ട് യുവതിയുടെ തലയിൽ ഇടിച്ചതായും പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സംഘവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
യുവതിയെ നഗ്‌നയാക്കി മർദിച്ച് പ്രദേശവാസികൾ : ഈ മാസം ആദ്യം രാജസ്ഥാനിലെ ഉദയ്‌പൂരിൽ വിധവയായ യുവതിയെ നഗ്‌നയാക്കി പ്രദേശവാസികൾ ക്രൂരമായി മർദിച്ച സംഭവം ഉണ്ടായിരുന്നു. മർദനത്തിനൊടുവിൽ സംഘം യുവതിയുടെ മുടി മുറിച്ച് മാറ്റുകയും ചെയ്‌തു. ആക്രമണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നഗ്‌നയായി നിലത്ത് കിടക്കുന്ന യുവതിയെ ഒരു കൂട്ടം സ്‌ത്രീകൾ മർദിക്കുന്നതും യുവതി മർദിക്കരുതെന്ന് കരയുന്നതുമാണ് പ്രചരിച്ചിരുന്ന ദൃശ്യങ്ങൾ.
Also Read : വിധവയായ യുവതിയെ നഗ്‌നയാക്കി മർദിച്ചു, മുടി മുറിച്ച് മാറ്റി; പ്രദേശവാസികളായ യുവതികൾക്കെതിരെ കേസെടുത്ത് പൊലീസ്