സഹാര്‍സ: ബിഹാറിൽ ആർജെഡി സർക്കാർ രൂപീകരിക്കാൻ എല്ലാ ജാതികളിൽ നിന്നുമുള്ള ആളുകൾ ഒത്തുചേരണമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. മുന്നോക്ക-പിന്നോക്ക ജാതി, ദലിതർ, മഹാദലിതർ എന്നിങ്ങനെ എല്ലാവരും ചേർന്ന് ഒരു സർക്കാർ രൂപീകരിക്കണം.
താൻ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്നും സഹാർസയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ യാദവ് പറഞ്ഞു. ഇരട്ട എഞ്ചിൻ സർക്കാരുണ്ടായിരുന്നിട്ടും അവര്‍ ജനങ്ങൾക്ക് വേണ്ടി ഒരു പ്രവർത്തനവും നടത്തിയിട്ടില്ല. മാത്രമല്ല പ്രത്യേക പാക്കേജുകളൊന്നും സംസ്ഥാനത്തിന് നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കോസി ബെൽറ്റിന് കീഴിലുള്ള സഹർസ പ്രദേശത്ത് എല്ലാ വർഷവും വെള്ളപ്പൊക്കം ഉണ്ടായി നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഈ പ്രശ്നം പരിഹരിക്കാനായി സർക്കാർ പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകുമ്പോൾ ആദ്യത്തെ ഒപ്പ് 10 ലക്ഷം യുവാക്കൾക്ക് സ്ഥിരമായ ജോലി നൽകുന്നതിന് വേണ്ടിയാവുമെന്ന വാഗ്ദാനവും തേജസ്വി യാദവ് നല്‍കുന്നു.
മൊത്തം ബജറ്റിന്റെ 22 ശതമാനം വിദ്യാഭ്യാസത്തിനായി ചെലവഴിക്കും. ഒരാള്‍ക്ക് 15 വർഷക്കാലം ഇവിടെ ഭരിക്കാൻ അവസരം ലഭിച്ചുവെങ്കിലും അദ്ദേഹം യുവാക്കളുടെ പ്രശ്നങ്ങൾ അവഗണിച്ചു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങളിലേക്കുള്ള പോളിങ് ഒക്ടോബർ 28നും നവംബർ 3നും നടന്നു. മൂന്നാം ഘട്ട പോളിങ് നവംബർ 7ന് നടക്കും . വോട്ടെണ്ണൽ നവംബർ 10നാണ് നടക്കുക.