ഡോക്ടര്‍മാര്‍ അടക്കം ഒട്ടേറെ ആളുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പിന്‍റെ രണ്ട് ഡോസുകള്‍ എടുത്തു കഴിഞ്ഞ ശേഷവും കൊവിഡ്-19 ബാധിക്കുന്നതായി സ്ഥിരീകരിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതോടെ ഇനി കൊവിഡ് വരില്ല, നമ്മള്‍ സുരക്ഷിതരാണെന്നുള്ള മിഥ്യാ ധാരണയാണ് “പെല്‍റ്റ്‌സ്മാന്‍ ഇഫക്ട്''.
1975-ല്‍ ഈ സ്വഭാവത്തെ ഇങ്ങനെ വിശദീകരിച്ച യുണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ സാം പെല്‍റ്റ്‌സ്മാന്‍റെ പേരിലാണ് പെല്‍റ്റ്‌സ്മാന്‍ ഇഫക്ട് ഇപ്പോള്‍ അറിയപ്പെടുന്നത്. സുരക്ഷാ നടപടികള്‍ ഉറപ്പാക്കി കഴിഞ്ഞാല്‍ അപകട സാധ്യത ഇല്ലാതായതായി ജനങ്ങള്‍ തെറ്റിധരിക്കുകയും അത് വളരെ അപകടത്തിലേക്ക് എത്തിക്കുകയും ചെയ്യുമെന്നാണ് ഈ സിദ്ധാന്തം പറയുന്നത്.
വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റുകളുടെ ഉപയോഗം നിര്‍ബന്ധമാക്കിയതിന് ശേഷം അപകടങ്ങള്‍ ഉണ്ടാകുന്നത് വര്‍ദ്ധിച്ചു എന്ന് പെല്‍റ്റ്‌സ്മാന്‍ ഇത്തരത്തില്‍ അവകാശപ്പെടുകയുണ്ടായി. സുരക്ഷിതത്വം എന്നുള്ള സങ്കല്‍പ്പം അപകട സാധ്യതകള്‍ ഏറ്റെടുക്കുവാനുള്ള മാനസിക അവസ്ഥ വര്‍ദ്ധിപ്പിക്കും എന്നുള്ള കാഴ്ചപ്പാടാണ് ഇത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കൂടുതല്‍ അപകട സാധ്യതകള്‍ ഉണ്ടെങ്കില്‍ ജനങ്ങള്‍ കൂടുതല്‍ കരുതലെടുക്കും. അതേ സമയം അവര്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിച്ചാല്‍ അവരുടെ ജാഗ്രതയും കുറയും എന്നാണ് ഈ സിദ്ധാന്തം പറയുന്നത്.
ഇതുപോലെ തന്നെ കൊവിഡ്-19 കേസുകളിലും പ്രതിരോധ കുത്തിവെയ്പ്പുകള്‍ ഒരു തരത്തിലുള്ള സുരക്ഷിതത്വ ബോധം നല്‍കുന്നതിനാല്‍ അപകടകരമായ കാര്യങ്ങളിലേക്ക് നയിക്കുകയും അത് മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ ശുദ്ധമാക്കല്‍ എന്നിങ്ങനെയുള്ള പ്രതിരോധ നടപടികള്‍ പാലിക്കുന്നത് കുറയ്ക്കുകയും ചെയ്യും.
പ്രതിരോധ കുത്തിവെപ്പുകള്‍ ഉടനടി സംരക്ഷണം നല്‍കുന്നില്ല അല്ലെങ്കില്‍ പൂര്‍ണ്ണ സംരക്ഷണം നല്‍കുന്നില്ല എന്ന വസ്തുത എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെങ്കിലും ഒരു സുരക്ഷിതത്വ ബോധം നിര്‍ഭാഗ്യവശാല്‍ തുടക്കത്തിലേ ആളുകളിലുണ്ടാകുന്നു. കുത്തിവെപ്പ് എടുക്കുന്നതിന് മുന്‍പ് തന്നെ ആളുകളില്‍ ഈ ബോധം ഉണ്ടാകുന്നു. അതിനാല്‍ ആളുകള്‍ അധികം ജാഗ്രതയില്ലാതെ മാസ്‌കുകള്‍ ധരിക്കുകയും പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുന്ന കേന്ദ്രങ്ങളില്‍ എത്തിയാല്‍ ഉടന്‍ തന്നെ സാമൂഹിക അകലമൊക്കെ മറന്നു പോവുകയും ചെയ്യുന്നു എന്നതാണ് പെല്‍റ്റ്‌സ്മാന്‍ ഇഫക്ട്. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ ഒരു തെറ്റായ സുരക്ഷിതത്വ ബോധം ആളുകളില്‍ സൃഷ്ടിക്കുന്നു എന്നാണ് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ലാങ്‌ഗോണ്‍ ഹെല്‍ത്തിലെ ഡോക്ടര്‍മാര്‍ പറയുന്നത്. മാര്‍ച്ച് 2-ന് എസിപി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പെല്‍റ്റ്‌സ്മാന്‍ ഇഫക്ടിനെ സംബന്ധിച്ച സമഗ്ര പുനരവലോകനത്തിലാണ് ഇത് പറയുന്നത്.
ഇക്കാരണത്താല്‍ പ്രതിരോധ കുത്തിവെപ്പുകള്‍ വ്യാപകമായി സ്വീകരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ആത്മാവിശ്വാസം അമിത ആത്മവിശ്വാസം നല്‍കുന്നതിലേക്ക് നയിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഇത് പ്രതിരോധ നടപടികള്‍ പാലിക്കാതിരിക്കുന്നതിലേക്ക് ജനങ്ങളെ നയിക്കും. ബോധത്തോടേയോ അല്ലാതേയോ കൊവിഡ്-19 പ്രതിരോധ മരുന്ന് ലഭിക്കാത്ത ആളുകള്‍ പോലും മാസ്‌കുകള്‍ ധരിക്കുക അല്ലെങ്കില്‍ സാമൂഹിക അകലം പാലിക്കുക എന്നുള്ള കാര്യങ്ങള്‍ മറന്നു പോകും. മറ്റുള്ളവര്‍ക്കെല്ലാം പ്രതിരോധ കുത്തിവെപ്പ് ലഭിച്ചു കൊണ്ടിരിക്കുന്നു എന്നുള്ള അറിവാണ് അവരെ ഇതിലേക്ക് നയിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ കൂട്ടിചേര്‍ക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ പി പി ഇ കിറ്റുകള്‍ ഉപയോഗിക്കുന്നതില്‍ ഗണ്യമായ കുറവുണ്ടായതിലും ഈ ചിന്താധാര തെളിഞ്ഞു കാണുന്നുണ്ട്.
ഇങ്ങനെ സാഹസികത കാട്ടുന്ന സ്വഭാവം പൊതു ജനങ്ങളെ സംബന്ധിച്ചിടത്തോളം അപകടകരമാണ്. എന്നാല്‍ കൊവിഡ്-19 രോഗികളെ നേരിട്ട് കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഹാനികരമായ കാര്യമാണെന്ന് മാത്രമല്ല അത് ആരോഗ്യ പരിപാലന സേവനങ്ങളെ തന്നെ താറുമാറാക്കും. ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ പ്രതിരോധ കുത്തിവെപ്പിന്‍റെ രണ്ട് ഡോസുകളും എടുത്ത 37 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് ബാധിച്ചു എന്ന വാര്‍ത്തയിലൊക്കെ നമുക്ക് തെളിഞ്ഞു കാണുന്ന വസ്തുതയാണ് ഇത്. ആശുപത്രിയില്‍ കൊവിഡ്-19 രോഗികളെ പരിചരിക്കുമ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് അണുബാധയുണ്ടായത് എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.