കൊല്‍ക്കത്ത: പെഗാസസ് വിവാദത്തിൽ സുപ്രീം കോടതി വിധി പ്രസ്‌താവിച്ചെങ്കിലും മാല്‍വെയറിനെ കുറിച്ചുള്ള ആശങ്കകള്‍ വിട്ടുമാറിയിട്ടില്ല. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പോലും നിലവില്‍ പെഗാസസ് വിഷയത്തില്‍ ആശങ്കപ്പെടുന്നുണ്ടെന്നാണ് അടുത്തിടെ ഭരണ കക്ഷി നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ നിര്‍ദേശങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഭരണ കക്ഷി നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിവിധ വകുപ്പ് തല സെക്രട്ടറിമാരും ഔദ്യോഗിക ജോലികൾക്കും ടെക്‌സ്‌റ്റ് മെസേജുകൾ അയയ്‌ക്കുന്നതിനും ഐഫോൺ ഉപയോഗിക്കണമെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം.
കൃത്യമായി പറഞ്ഞാൽ, രാജ്യത്തുടനീളം പെഗാസസ് ഉണ്ടാക്കിയ ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നബന്നയിലെ (പശ്ചിമ ബംഗാളിന്റെ താത്കാലിക സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്ന ഹൗറയിലെ കെട്ടിടം) ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ആശ്രയിക്കാൻ കഴിയില്ല. ബംഗാള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം തുടക്കത്തില്‍ അല്‍പം വിചിത്രമായി തോന്നിയെങ്കിലും ഭരണത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പിന്നീട് കാര്യത്തിന്‍റെ ഗൗരവം മനസിലാക്കുകയായിരുന്നു. കഴിഞ്ഞ വർഷം കോളിളക്കം സൃഷ്‌ടിച്ച പെഗാസസ് വിവാദത്തിന്റെ കരിനിഴലാണ് ബംഗാള്‍ മുഖ്യമന്ത്രി ഇപ്പോഴും കാണുന്നത്.
അടുത്ത കാലത്തായി ദേശീയ രാഷ്‌ട്രീയത്തിൽ ഫോൺ ഹാക്കിങ് വിവാദമായിരുന്നു. രാഹുൽ ഗാന്ധി, അഭിഷേക് ബാനർജി, പ്രശാന്ത് കിഷോർ തുടങ്ങിയ രാഷ്‌ട്രീയ നേതാക്കളുടെ ഫോണുകൾ സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് ഹാക്ക് ചെയ്‌തതായി ആരോപണമുണ്ട്. ആ സമയത്ത് മമത ബാനർജി തന്‍റെ മൊബൈൽ ഫോണിൽ സെല്ലോടേപ്പുമായാണ് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയിരുന്നത്.
കൂടാതെ, വാട്‌സ്ആപ്പ് കോളുകള്‍ സുരക്ഷിതമല്ലെന്ന് സർക്കാർ തലം മുതൽ പാർട്ടി മീറ്റിങ്ങുകളില്‍ വരെ പല അവസരങ്ങളിലും അവർ പറഞ്ഞിട്ടുമുണ്ട്. പെഗാസസിൽ സുപ്രീം കോടതി നേരത്തെ തന്നെ വിധി പ്രസ്‌താവിച്ചു കഴിഞ്ഞു. പെഗാസസ് വിവാദത്തില്‍ സുപ്രീം കോടതി രൂപീകരിച്ച സമിതി 3 ഭാഗങ്ങളായി റിപ്പോർട്ട് സമർപ്പിച്ചു.
ഇതിൽ 2 സാങ്കേതിക സമിതികളും റിട്ട. ജസ്റ്റിസ് ആർ.വി രവീന്ദ്രന്‍റെ നേതൃത്വത്തിൽ ഒരു വിജിലൻസ് കമ്മിറ്റിയും ആയിരുന്നു ഉള്‍പ്പെട്ടിരുന്നത്. പരീക്ഷിച്ച 29 ഫോണുകളിൽ 5 ഫോണുകളില്‍ പെഗാസസ് മാല്‍വെയര്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു.
എന്നാല്‍ മാല്‍വെയര്‍ ആക്രമണം സൈബർ സുരക്ഷയുടെ കുറവു കാരണമാണെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്നാല്‍ പരമോന്നത നീതിപീഠത്തിന്‍റെ വിധി വന്നതിന് ശേഷവും മമത ബാനര്‍ജിയുടെ ആശങ്കയില്‍ മാറ്റം ഒന്നും ഇല്ലെന്നാണ് അവരുടെ നടപടിയില്‍ നിന്ന് വ്യക്തമാകുന്ന കാര്യം.