ബെംഗളൂരു: അഴിമതി ആരോപണം നേരിടുന്ന കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈക്കെതിരെ വ്യത്യസ്‌ത പ്രതിഷേധവുമായി കോണ്‍ഗ്രസ്. പേടിഎം മാതൃകയിൽ 'പേസിഎം'(PAYCM) എന്ന് തയാറാക്കിയ ക്യൂആർ കോഡോഡു കൂടിയ ബൊമ്മൈയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള പോസ്റ്ററുകൾ തയാറാക്കിയാണ് കോണ്‍ഗ്രസ് വ്യത്യസ്‌ത പ്രതിഷേധം നടത്തിയത്.
പോസ്റ്ററുകൾ ബെംഗളൂരു നഗരത്തിൽ പതിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. കൂടാതെ പോസ്റ്ററിൽ പേസിഎം എന്ന തലക്കെട്ടിന് താഴെ 40% ഇവിടെ സ്വീകരിക്കും എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്‌താൽ 'ഫോർട്ടി പേഴ‍്‍സന്‍റ് സർക്കാര ഡോട്ട് കോം' എന്ന വെബ്‌സൈറ്റിലേക്കെത്തും.
അഴിമതികൾ റിപ്പോർട്ട് ചെയ്യാനെന്ന പേരിൽ കോൺഗ്രസ് തയ്യാറാക്കിയ വെബ്‌സൈറ്റാണ് 'ഫോർട്ടി പേഴ‍്‍സന്‍റ് സർക്കാര ഡോട്ട് കോം'. ഇതിലൂടെ പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികൾ നേരിട്ട് കോണ്‍ഗ്രസ് വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. അതേസമയം പോസ്റ്റർ ഒട്ടിച്ചയാൾക്കെതിരെ കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ പ്രതാപ് റെഡ്ഡി അറിയിച്ചു.