ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ചെന്ന് ആരോപിച്ച് എടുത്ത കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്‌ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഫെബ്രുവരി 28 വരെയാണ് ജാമ്യം. ഡല്‍ഹി മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പവന്‍ ഖേരയ്‌ക്ക് ഇടക്കാല ജാമ്യം അനുവദിച്ചതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് വ്യക്തമാക്കി.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് കാണിച്ച് ഖേരയ്‌ക്കെതിരെ അസം, വാരാണസി, ലഖ്‌നൗ എന്നിവിടങ്ങളില്‍ പരാതി രജിസ്റ്റര്‍ ചെയ്‌ത സാഹചര്യത്തില്‍ അസം, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് സുപ്രീം കോടതി പ്രതികരണം ആരാഞ്ഞു. പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പവന്‍ ഖേര മാപ്പ് പറഞ്ഞതായും അതിനാല്‍ അദ്ദേഹത്തിനതിരെ ഫയല്‍ ചെയ്‌തിരിക്കുന്ന എഫ്‌ഐആറുകളില്‍ അറസ്റ്റ് ആവശ്യമില്ലെന്നും ഖേരയുടെ അഭിഭാഷകന്‍ എ എം സിംഗ്‌വി വ്യക്തമാക്കി.
അസം പൊലീസിനുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി, ഖേരയുടെ പരാമര്‍ശത്തിന്‍റെ ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍ കോടതിയില്‍ ഹാജരാക്കി. ജനാധിപത്യ സമ്പ്രദായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിക്കെതിരെ ഇത്തരം ആക്ഷേപ പരാമര്‍ശങ്ങള്‍ പവന്‍ ഖേര നടത്താന്‍ പാടില്ലായിരുന്നുവെന്ന് ഐശ്വര്യ ഭാട്ടി കോടതിയില്‍ വ്യക്തമാക്കി.
റായ്‌പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകവെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് പവന്‍ ഖേരയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് അസം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനത്താവളത്തിലെത്തി ഇന്‍ഡിഗോ വിമാനത്തില്‍ കയറിയ ഖേരയെ അദ്ദേഹത്തിന്‍റെ പേരില്‍ കേസ് ഉണ്ടെന്നും യാത്ര അനുവദിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി അധികൃതര്‍ വിമാനത്തില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. ഖേരയുടെ ലഗേജ് പരിശോധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വിമാനത്തില്‍ നിന്ന് അദ്ദേഹത്തെ ഇറക്കി വിട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന നേതാക്കളും പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. ഖേരയുടെ അറസ്റ്റ് പ്ലീനറി സമ്മേളനം ലക്ഷ്യംവച്ചുള്ളതാണെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. വാര്‍ത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ചെന്ന് കാണിച്ച് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പവന്‍ ഖേരയെ അറസ്റ്റ് ചെയ്‌തത്. നരേന്ദ്ര ദാമോദര്‍ ദാസ് മോദി എന്നതിന് പകരം നരേന്ദ്ര ഗൗതംദാസ് എന്നായിരുന്നു പവന്‍ ഖേര പരാമര്‍ശിച്ചത്.