ചണ്ഡീഗഡ്: കർണാടകയിലും രാജസ്ഥാനിലും ബിജെപി യാത്ര നടത്തുന്നത് ചോദ്യം ചെയ്‌ത് കോൺഗ്രസ് നേതാവ് പവൻ ഖേര. ബിജെപി യാത്ര കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാകണം എന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ബിജെപിക്കും കത്തയിച്ചിട്ടുണ്ടോ എന്നാണ് പവൻ ഖേരയുടെ ചോദ്യം. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ ഭാരത് ജോഡോ യാത്ര താത്കാലികമായി നിർത്തിവയ്ക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പവൻ ഖേരയുടെ പ്രതികരണം.
'എന്തുകൊണ്ട് രാഹുൽ ഗാന്ധി മാത്രം?, എന്തുകൊണ്ട് കോൺഗ്രസ് പാർട്ടി മാത്രം?, എന്തുകൊണ്ട് ഭാരത് ജോഡോ യാത്ര?' എന്ന ചോദ്യവുമായാണ് ബുധനാഴ്‌ച ഹരിയാനയിൽ ഖേര മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. ' കൊവിഡ് പ്രോട്ടോകോള്‍ പ്രഖ്യാപിക്കൂ, ഞങ്ങൾ അത് പാലിക്കും ' എന്നും കോൺഗ്രസ് നേതാവ് മാധ്യമങ്ങളോടായി പറഞ്ഞു. ചൊവ്വാഴ്‌ചയാണ് മാണ്ഡവ്യ രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കത്തയച്ചത്.
ALSO READ: 'കൈപിടിച്ച് വേഗം കൂട്ടി' ഭാരത് ജോഡോ യാത്ര ഇന്ദ്രപ്രസ്ഥത്തിലേക്ക്... ഭാരതത്തിന്‍റെ മനസിലേറാൻ രാഹുല്‍
ഇതിൽ രാജസ്ഥാനിൽ നിന്നുള്ള മൂന്ന് എംപിമാരായ പി പി ചൗധരി, നിഹാൽ ചന്ദ്, ദേവ്‌ജി പട്ടേൽ എന്നിവർ ആശങ്കകൾ പ്രകടിപ്പിച്ചതായി മാണ്ഡവ്യ പറഞ്ഞു. യാത്ര നടത്തുമ്പോൾ മാസ്‌കുകളും സാനിറ്റൈസറുകളും ഉൾപ്പെടെയുള്ള കൊവിഡ് പ്രോട്ടോകോള്‍ കർശനമായി പാലിക്കണമെന്നും വാക്‌സിനേഷൻ എടുത്തവരെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ എന്നും മന്ത്രി കത്തിൽ അറിയിച്ചിരുന്നു. ബുധനാഴ്‌ച രാവിലെ രാജസ്ഥാനിൽ നിന്ന് യാത്ര ഹരിയാനയിലേക്ക് പ്രവേശിച്ചു.