പട്‌ന: ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ മഹാ സംഗമത്തിന് തയ്യാറായി പട്‌ന. ജൂണ്‍ 23ന് നടക്കുന്ന യോഗത്തിന്‍റെ ഒരുക്കങ്ങള്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേരിട്ടെത്തിയാണ് നിരീക്ഷിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കുന്നതിന് 17ല്‍ അധികം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.
രാഹുൽ ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, എൻസിപി നേതാവ് ശരദ് പവാർ, മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവരാണ് ക്ഷണിക്കപ്പെട്ട അതിഥികളില്‍ പ്രമുഖര്‍. കോണ്‍ഗ്രസ് പ്രധാന പങ്കുവഹിക്കുന്ന പ്രതിപക്ഷ പാര്‍ട്ടി സഖ്യത്തിന്‍റെ രൂപീകരണത്തില്‍ എല്ലാവരും പ്രതീക്ഷയര്‍പ്പിക്കുക രാഹുല്‍ ഗാന്ധിയിലാകും എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
മെയ് 19ന് നിശ്ചയിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം പിന്നീട് ജൂണ്‍ 12ലേക്ക് മാറ്റുകയായിരുന്നു. കര്‍ണാടക മന്ത്രിസഭയെ കുറിച്ചുള്ള ചര്‍ച്ചകളിലും സത്യപ്രതിജ്ഞയിലും കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതിനാലാണ് യോഗം നീട്ടിവച്ചത്. രാഹുല്‍ ഗാന്ധി വിദേശ പര്യടനത്തിലായിരുന്നതിനാല്‍ യോഗം വീണ്ടും നീണ്ടു. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അഭ്യര്‍ഥന മാനിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മാറ്റിവച്ചതെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജിതമായ തയ്യാറെടുപ്പുകളാണ് കോണ്‍ഗ്രസ് നടത്തുന്നത്. നടക്കാനിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തിനായുള്ള ഒരുക്കങ്ങള്‍ നിതീഷ് കുമാറിന്‍റെയും ബിഹാര്‍ കോണ്‍ഗ്രസ് നേതാക്കളുടെയും മേല്‍നോട്ടത്തില്‍ നടക്കുകയാണ്.
സംസ്ഥാന ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിമാർക്കും മറ്റ് അതിഥികൾക്കും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിഥികളെ സ്വീകരിക്കാൻ പട്‌ന സർക്യൂട്ട് ഹൗസും സജ്ജമാണ്. ബിഹാറിലെ വിഭവങ്ങൾ വിശിഷ്‌ടാതിഥികൾക്ക് വിളമ്പും. ഇതിനായി പട്‌നയിലെ പ്രധാന ഹോട്ടലുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബിഹാറിന്‍റെ വിഭവങ്ങള്‍ക്ക് പുറമെ മുഖ്യമന്ത്രിമാര്‍ക്ക് അവരുടെ സംസ്ഥാനത്തെ ഭക്ഷണവും ലഭ്യമാക്കും.
ബിഹാർ മുഖ്യമന്ത്രി ആതിഥ്യമര്യാദയിൽ ഒരു കുറവും വരുത്തില്ലെന്ന് ലെജിസ്ലേറ്റീവ് കൗൺസിലർ സഞ്ജയ് ഗാന്ധി പ്രതികരിച്ചു. 'മുമ്പ് ഇവിടെ നടന്ന എല്ലാ വലിയ സംഭവങ്ങളിലും അദ്ദേഹത്തിന്‍റെ ആതിഥേയ രീതി എല്ലാവരും കണ്ടിട്ടുണ്ട്. 2024 ലെ വലിയ യുദ്ധത്തിനുള്ള തയ്യാറെടുപ്പാണിത്, അതിനാല്‍ ഇതൊരിക്കലും ചെറിയ കാര്യമല്ല' -സഞ്ജയ് ഗാന്ധി പറഞ്ഞു.
എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കള്‍ ഒന്നിച്ചാല്‍ ബിജെപിയെ നേരിടാന്‍ സാധിക്കുമെന്ന് ബിഹാര്‍ ധനകാര്യ വകുപ്പ് മന്ത്രി വിജയ്‌കുമാര്‍ ചൗധരി പറഞ്ഞു. 'പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടിയാൽ ബിജെപിക്ക് കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്താൻ കഴിയില്ലെന്നാണ് രാജ്യം മുഴുവൻ അഭിപ്രായപ്പെടുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാർ ശ്രമങ്ങൾ നടത്തുന്നുണ്ട്, പ്രതിപക്ഷ ഐക്യത്തിൽ വിജയിക്കുമെന്ന് ഞങ്ങൾ പൂർണമായി പ്രതീക്ഷിക്കുന്നു' -അദ്ദേഹം പറഞ്ഞു.
എന്‍ഡിഎ വിട്ടതിന് ശേഷം ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് നിതീഷ് കുമാര്‍ എന്ന് ബിഹാര്‍ മന്ത്രി അശോക് ചൗധരി പറഞ്ഞു. 'കോൺഗ്രസുമായി പ്രതിപക്ഷ പാർട്ടികളുടെ ഏകോപനം ഉണ്ടാകണം. ബിജെപിയെ നേരിടാൻ ലോക്‌സഭ സീറ്റുകളില്‍ മിക്കയിടത്തും പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാർഥി ഉണ്ടാകുമെന്ന് ഉറപ്പാക്കുകയാണ് നിതീഷ് കുമാറിന്‍റെ ശ്രമം' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.