ശ്രീനഗർ: ജമ്മു കശ്‌മീരിലെ റംബാൻ ജില്ലയിൽ ഖൂനി നല്ലയ്ക്ക് സമീപം ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗം തകർന്നു വീണു. വ്യാഴാഴ്‌ച രാത്രി 10.15 ഓടെയാണ് അപകടം. നിർമ്മാണത്തിലേർപ്പെട്ടിരുന്ന 13 ഓളം തൊഴിലാളികൾ ഉള്ളിൽ കുടങ്ങിക്കിടക്കുന്നതായാണ് വിവരം.
അപകട സ്ഥലത്ത് നിന്ന് മൂന്ന് തൊഴിലാളികളെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ സ്വദേശികളായ ജാദവ് റോയ് (23), ഗൗതം റോയ് (22), സുധീർ റോയ് (31), ദീപക് റോയ് (33), അസം സ്വദേശികളായ പരിമൾ റോയ് (38), ശിവ ചൗൺ (26), നേപ്പാളി പൗരന്മാരായ നവരാജ് ചൗധരി (26), കുഷി റാം (25), ജമ്മു കശ്‌മീർ സ്വദേശികളായ മുസാഫർ (38), ഇസ്രത്ത് (30) എന്നിവരാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്.
രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ: കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടക്കുകയാണ്. അതേസമയം തുരങ്കം തകർന്നുണ്ടായ അപകടം ദൗർഭാഗ്യകരമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സിവിൽ അഡ്മിനിസ്ട്രേഷനും പൊലീസ് അധികാരികളും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.