ഹൈദരാബാദ്: കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ദിനം പ്രതി രണ്ട് ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 1000ത്തിൽപരം പേരാണ് കൊവിഡ് ബാധിച്ച് മരിക്കുന്നത്. എന്നാൽ മന്ത്രാലയം പുറത്തുവിടുന്ന കണക്കുകളും ശ്‌മശാനത്തിൽ സംസ്‌കരിക്കുന്ന കണക്കുകളും തമ്മിൽ വലിയ വ്യത്യാസമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇടിവി ഭാരത് നടത്തിയ അന്വേഷണത്തിൽ ഈ വസ്‌തുതകൾ സത്യമാണെന്ന് കണ്ടെത്തിയിരുന്നു.
ഇടിവി ഭാരതിന്‍റെ രണ്ടാമത്തെ അന്വേഷണ റിപ്പോർട്ടിൽ മഹാരാഷ്‌ട്രയിലെയും ഗുജറാത്തിലെയും കണക്കുകളിലെ വ്യത്യാസങ്ങളാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. ഇടിവി ഭാരത് നല്‍കിയ ആദ്യ റിപ്പോര്‍ട്ടില്‍ മധ്യ പ്രദേശ്, ഛത്തീസ്ഗഡ്, ഡല്‍ഹി എന്നിവിടങ്ങളിലെ യഥാർഥ ചിത്രമാണ് നമ്മള്‍ ചര്‍ച്ച ചെയ്‌തത്. ഈ സംസ്ഥാനങ്ങളിലെ ഏതാനും ശ്മശാനങ്ങളില്‍ നിന്നും ലഭിച്ച കണക്കുകള്‍ സര്‍ക്കാരിന്‍റെ അവകാശവാദങ്ങളെ പൊളിച്ചടുക്കുന്നുണ്ട്. സര്‍ക്കാര്‍ അവകാശപ്പെടുന്നതും എന്നാല്‍ പൊതു ജനങ്ങള്‍ക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിയുന്നതുമായ കാര്യങ്ങളില്‍ വലിയ അന്തരമുണ്ട്. ഈ റിപ്പോര്‍ട്ടിലൂടെ മഹാരാഷ്ട്രയിലെ അഹമദ് നഗറിലും ഗുജറാത്തിലെ ഭാവ് നഗറിലും കൊവിഡ് ബാധിച്ചുണ്ടായ മരണങ്ങളുടെ കണക്കുകള്‍ക്ക് മേല്‍ എന്തുകൊണ്ട് സംശയമുണരുന്നു എന്നുള്ള കാര്യം നമ്മള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്.
മഹാരാഷ്ട്ര
ആദ്യ തരംഗത്തിലുണ്ടായ പോലെ മഹാരാഷ്‌ട്രയെയാണ് കൊവിഡിന്‍റെ രണ്ടാം തരംഗവും കൂടുതൽ ബാധിക്കുന്നത്. സംസ്ഥാനത്ത് ദിനംപ്രതി 63,000ത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 63,000ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 398 കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്‌തു. ഏപ്രിൽ 9ന് അഹമ്മദ്‌നഗറിലെ അമർധാം ശ്മശാനത്തിൽ 49ഓളം പേരെ സംസ്‌കരിച്ചു. എന്നാൽ സർക്കാർ കണക്കുകൾ പ്രകാരം ജില്ലയിൽ കൊവിഡ് ബാധിച്ച് മൂന്ന് പേർ മാത്രമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. അതേ ദിവസം സർക്കാർ കണക്കുകൾ പ്രകാരം മഹാരാഷ്‌ട്രയിൽ 301പേരും മരിച്ചിട്ടുണ്ട്.
ഗുജറാത്ത്
ഗുജറാത്തിലും കഴിഞ്ഞ രണ്ട് ആഴ്ചകളിലായി കൊവിഡ് ബാധിതരുടെ എണ്ണം നിരന്തരം വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 8920 പുതിയ കേസുകളും 94 മരണങ്ങളും ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏപ്രിൽ 15ന് ഗുജറാത്തിലെ ഭാവ് നഗറിലുള്ള കുമ്പര്‍വാഡ ശ്മശാനത്തില്‍ കൊവിഡ് മരണം സംഭവിച്ച 20 മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്. അതേ സമയം ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏപ്രില്‍ 15ന് ഭാവ് നഗറില്‍ കൊവിഡ് ബാധിച്ച് ആരും തന്നെ മരിച്ചിട്ടില്ലെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്.
കണക്കുകളിലെ വ്യത്യാസങ്ങൾ നിശ്ചയമായും ചോദ്യങ്ങൾ ഉയർത്തുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ ശ്മശാനത്തില്‍ 49 മൃതദേഹങ്ങളുടെ സംസ്‌കാരം നടന്നപ്പോള്‍ ആ ദിവസം സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം വെറും മൂന്ന് പേര്‍ മാത്രമാണ് കൊറോണ വൈറസ്മൂലം മരണപ്പെട്ടിട്ടുള്ളത്.
അഹമ്മദ് നഗര്‍ ജില്ലയില്‍ വേറേയും ഒട്ടനവധി ശ്മശാനങ്ങളുണ്ട്. മഹാരാഷ്ട്ര സംസ്ഥാനത്ത് ഉടനീളമുള്ള ശ്മശാനങ്ങളുടേയും സെമിത്തേരികളുടേയും എണ്ണവും അവിടെയൊക്കെ എത്ര മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ടാകും എന്നുള്ളതും ഈ കണക്കിലെ വൈരുദ്ധ്യം കാണിച്ചുതരുന്നു. മറ്റ് രോഗങ്ങളോ അപകടങ്ങളോ അല്ലെങ്കില്‍ സ്വാഭാവികമായ കാരണങ്ങളോ മരണങ്ങൾക്ക് കാരണമായിട്ടുണ്ടാകാം എന്നുള്ളതും സമ്മതിക്കേണ്ടി വരും.
അഹമ്മദ് നഗറിലും ഭാവ് നഗറിലും മറ്റു നഗരങ്ങളിലുമൊക്കെ ശ്മശാനങ്ങളിലും സെമിത്തേരികളിലും സംസ്‌കരിക്കുന്ന എല്ലാ മൃതദേഹങ്ങളും കൊവിഡ് ബാധിച്ച് മരിച്ചവരുടേതാണ് എന്ന് പറയുന്നതും തിര്‍ത്തും തെറ്റാണ്. എന്നാല്‍ ഓരോ 24 മണിക്കൂറിലും കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയും കൊറോണ ബാധിച്ച് മരിക്കുന്നവരുടെ സംസ്‌കാരങ്ങള്‍ നടത്തിയതിനെകുറിച്ചുള്ള വാര്‍ത്തകൾ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നുമൊക്കെ വരുന്നതും വെച്ചു നോക്കുമ്പോള്‍ കൊവിഡ് മരണങ്ങളെ കുറിച്ച് സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍ക്ക് മേല്‍ വലിയൊരു ചോദ്യം തന്നെയാണ് ഉയരുന്നത് എന്നതില്‍ സംശയമില്ല.