ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം അവസാനിച്ചു. നേരത്തെ നിശ്ചയിച്ചതിലും ആറ് ദിവസം നേരത്തേയാണ് സമ്മേളനം അവസാനിച്ചത്. അതിര്‍ത്തി കടന്നുള്ള ചൈനീസ് കടന്നുകയറ്റം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം കാരണം അവസാന ദിവസങ്ങളില്‍ ഇരു സഭകളിലേയും നടപടികള്‍ നിരന്തരം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.
ശൈത്യകാല സമ്മേളനത്തില്‍ ലോക്‌സഭ 97 ശതമാനം പ്രൊഡക്റ്റിവിറ്റി കൈവരിച്ചെന്ന് സ്‌പീക്കര്‍ ഓംബിര്‍ള പറഞ്ഞു. 13 സിറ്റിങ്ങുകളാണ് നടന്നത്. കടല്‍കൊള്ളയ്‌ക്കെതിരായ ബില്ലടക്കം 13 ബില്ലുകള്‍ പാസാക്കിയെന്നും സ്‌പീക്കര്‍ അറിയിച്ചു.
ഡിസംബര്‍ ഏഴിനാണ് ശൈത്യകാല സമ്മേളനം തുടങ്ങിയത്. ഡിസംബര്‍ 29ന് അവസാനിപ്പിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ ഉത്സവ സീസണും പുതുവത്സര ആഘോഷങ്ങളും ചൂണ്ടികാട്ടി നേരത്തെ അവസാനിപ്പിക്കണമെന്ന് സര്‍ക്കാറിനോടും ഇരു സഭകളുടേയും പ്രിസൈഡിങ് ഓഫീസര്‍മാരോടും ആവശ്യപ്പെടുകയായിരുന്നു.
ഇരു സഭകളിലും പ്രതിപക്ഷ അംഗങ്ങള്‍ അരുണാചല്‍ പ്രദേശിലെ തവാങ് സെക്‌ടറിലെ ചൈനീസ് കടന്ന് കയറ്റം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്‌പീക്കറും, രാജ്യസഭ അധ്യക്ഷനും അനുവദിച്ചില്ല. ഡിസംബര്‍ 9നാണ് നിയന്ത്രണ രേഖയിലെ തവാങ് സെക്‌ടറില്‍ ചൈനീസ് സൈന്യവും ഇന്ത്യന്‍ സൈന്യവും ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഇരുഭാഗത്തും ചെറിയ പരിക്കുകള്‍ മാത്രമെ സംഭവിച്ചുള്ളൂ എന്നാണ് ഇന്ത്യന്‍ സൈന്യം അറിയിച്ചത്.
സംഭവത്തില്‍ രാജ്‌നാഥ് സിങ് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും പ്രസ്‌താവന നടത്തി. യഥാര്‍ഥ നിയന്ത്രണ രേഖയിലെ തല്‍സ്ഥിതി ഏകപക്ഷീയമായി മാറ്റുകയായിരുന്നു ചൈനീസ് സൈന്യത്തിന്‍റെ ലക്ഷ്യമെന്നും എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ ഇത് തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയുടെ ഈ വര്‍ഷത്തെ ശൈത്യകാല സമ്മേളനത്തിലെ പ്രൊഡക്റ്റിവിറ്റി 103 ശതമാനമാണെന്ന് അധ്യക്ഷന്‍ ജഗ്‌ദീപ് ധന്‍കര്‍ പറഞ്ഞു. 13 സിറ്റിങ്ങുകളിലാണ് 64 മണിക്കൂറും 50 മിനിട്ടുമാണ് രാജ്യസഭ ചേര്‍ന്നത്. ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുത്തതിന് ശേഷമുള്ള ജഗ്‌ദീപ് ധന്‍കറിന്‍റെ രാജ്യസഭ അധ്യക്ഷന്‍ എന്ന നിലയിലുള്ള ആദ്യ സെഷനായിരുന്നു ഇത്.