ന്യൂഡല്‍ഹി : പുതിയ പാർലമെന്‍റ് മന്ദിരത്തിലെ അക്രമ സംഭവങ്ങളില്‍ അറസ്റ്റിലായ നാല് പേരെയും ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി സിറ്റി പൊലീസ് 15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരുന്നത് (Parliament security breach Case). ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ കൂടാതെ തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരവുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 2001 ലെ പാർലമെന്‍റ് ഭീകരാക്രമണത്തിന്‍റെ വാർഷികദിനത്തിലാണ് പുതിയ പാർലമെന്‍റ് മന്ദിരത്തില്‍ ഇന്നലെ (ഡിസംബർ 13) അക്രമം നടന്നത്.
മുഖ്യപ്രതികളായ സാഗർ ശർമ്മ, മനോരഞ്ജൻ ഡി എന്നിവർ സന്ദർശക ഗ്യാലറിയില്‍ നിന്ന് ലോക്‌സഭ ചേംബറിലേക്ക് ചാടുകയായിരുന്നു. അതിനിടെ പ്രതികൾ ഷൂവിനുള്ളില്‍ ഒളിപ്പിച്ചിരുന്ന സ്പ്രേ പ്രയോഗിക്കുകയും ചെയ്‌തു. ഇതോടെ ലോക്‌സഭ മന്ദിരം മുഴുവൻ മഞ്ഞ നിറം നിറഞ്ഞു. എന്നാല്‍ ലോക്‌സഭ ചേംബറിലേക്ക് ചാടിയ രണ്ട് പ്രതികളെയും എംപിമാരും വാച്ച് ആൻഡ് വാർഡ് ജീവനക്കാരും ചേർന്ന് കീഴടക്കി പൊലീസിന് കൈമാറുകയായിരുന്നു. അതിനിടെ ഇവർ സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ചിരുന്നു. അതേസമയം, മറ്റ് രണ്ട് പ്രതികളായ അമോൽ ഷിൻഡെ, നീലം ദേവി എന്നിവർ മുദ്രാവാക്യങ്ങളുമായി പാർലമെന്‍റ് മന്ദിരത്തിന് പുറത്ത് വിവിധ നിറത്തിലുള്ള സ്പ്രേ പ്രയോഗിച്ചു. ഇവരെയും പൊലീസ് ഉടൻ അറസ്റ്റ് ചെയ്‌ത് നീക്കി.
പാർലമെന്‍റില്‍ എത്തുന്നതിനുമുമ്പ് പ്രതികളെ താമസിപ്പിച്ചിരുന്ന, കൂട്ടാളി വിശാലിനെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് പിടികൂടിയിട്ടുണ്ട്. സംഘത്തിലെ പ്രധാനിയും അക്രമ സംഭവത്തിന്‍റെ പ്രധാന സൂത്രധാരനുമായ ലളിത് ഝാ ഒളിവിലാണ്.
കനത്ത സുരക്ഷയും പരിശോധനയും : പാർലമെന്‍റിലുണ്ടായ വൻ സുരക്ഷാവീഴ്ചയ്ക്ക് ഒരു ദിവസത്തിനുശേഷം കനത്ത സുരക്ഷയും പരിശോധനയുമാണ് ഇന്ന് പാർലമെന്‍റിലും പരിസരത്തും ഒരുക്കിയത്. പാർലമെന്‍റ് സമുച്ചയത്തിന് തൊട്ടടുത്തുള്ള ട്രാൻസ്‌പോർട്ട് ഭവന് പുറത്ത് വിന്യസിച്ചിരിക്കുന്ന ബാരിക്കേഡുകൾക്ക് സമീപം തിരിച്ചറിയല്‍ രേഖകൾ പരിശോധിച്ച ശേഷമാണ് ജീവനക്കാർക്ക് അടക്കം പ്രവേശനമുണ്ടായത്.
Also Read : സുരക്ഷയില്‍ ബഹളം, പാർലമെന്‍റില്‍ 15 പ്രതിപക്ഷ എംപിമാർക്ക് സസ്‌പെൻഷൻ, ആറ് പേർ കേരള എംപിമാർ
അതേസമയം ഇന്ന് കനത്ത സുരക്ഷയ്‌ക്കിടയിൽ ഗുജറാത്തിലെ ആദിവാസി മേഖലയായ ഡാംഗിൽ നിന്നുള്ള വിദ്യാർത്ഥി സംഘം പാർലമെന്‍റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ പ്രധാന കവാടത്തില്‍ എംപിമാർക്ക് മാത്രമാണ് പ്രവേശനമുണ്ടായിരുന്നത്. മാധ്യമപ്രവർത്തകർക്ക് അടക്കം ശക്തമായ സുരക്ഷാപരിശോധന നേരിടേണ്ടി വന്നു.