ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് വര്‍ഷ കാല സമ്മേളനം ഇന്ന് (ജൂലൈ 31) പുനരാരംഭിക്കും. കഴിഞ്ഞ രണ്ട് ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശനം കഴിഞ്ഞ് പ്രതിപക്ഷ മഹാസഖ്യമായ ഇന്ത്യന്‍ പ്രതിനിധികള്‍ തിരികെയെത്തിയതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും പാര്‍ലമെന്‍റ് സമ്മേളനം പുനരാരംഭിക്കുന്നത്. കഴിഞ്ഞ ആഴ്‌ചയില്‍ നടന്ന പാര്‍ലമെന്‍റ് സമ്മേളനം ഏറെ പ്രക്ഷുബ്‌ധമായിരുന്നു.
ബഹളമയമായി പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം: ഡല്‍ഹി സര്‍വീസ് ഓര്‍ഡിനന്‍സ് ബില്‍ പാസാക്കാനുള്ള ശ്രമത്തെ തുടര്‍ന്നാണ് പാര്‍ലമെന്‍റ് സമ്മേളനം കഴിഞ്ഞ ദിവസം പ്രക്ഷുബ്‌ദമായത്. ഡൽഹിയിലെ ഭരണ കക്ഷിയായ എഎപിയുടെ ഗവൺമെന്‍റെ ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി (ഭേദഗതി) ബിൽ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ശക്തമായി എതിര്‍ക്കുകയും അപലപിക്കുകയും ചെയ്‌തു.
മണിപ്പൂര്‍ കലാപത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലും സഭ ബഹളമയമായി. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ആഞ്ഞടിച്ചു. സംഭവത്തിനെതിരെ യാതൊരുവിധ നടപടികളും കൈക്കൊള്ളാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കള്‍ കറുപ്പണിഞ്ഞാണ് അവസാനമായി പാര്‍ലമെന്‍റ് സമ്മേളനത്തിന് എത്തിയിരുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്‌ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നത് വരെ പ്രതിപക്ഷം പ്രതിഷേധം തുടരുമെന്നും സഭയില്‍ അറിയിച്ചിരുന്നു. സംഭവത്തില്‍ പ്രതിേഷധിച്ച നേതാക്കള്‍ മണിപ്പൂര്‍ വിഷയത്തില്‍ 'മൗനമല്ല, മറുപടിയാണ് വേണ്ടത്' എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പാര്‍ലമെന്‍റ് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
പ്രതിഷേധത്തിനിടെ പാസായത് മൂന്ന് ബില്ലുകള്‍: പാര്‍ലമെന്‍റില്‍ മണിപ്പൂര്‍ വിഷയം കത്തി നില്‍ക്കുന്നതിനിടെ സിനിമറ്റോഗ്രഫി ബില്‍ ചര്‍ച്ചക്കെടുത്തതോടെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് സഭയില്‍ നിന്നും ഇറങ്ങി പോയി. എന്നാല്‍ പ്രതിപക്ഷ നേതാക്കളുടെ അഭാവത്തില്‍ സര്‍ക്കാര്‍ മൂന്ന് ബില്ലുകള്‍ പാര്‍ലമെന്‍റില്‍ പാസാക്കി. രാജ്യസഭ സിനിമറ്റോഗ്രഫി ബില്‍, ലോക്‌സഭ ജന്‍വിശ്വാസ് ഭേദഗതി ബില്‍, പഴയ നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ എന്നിവയാണ് പ്രതിഷേധത്തിനിടെ പാസാക്കിയത്.
ഇന്ത്യ മണിപ്പൂരില്‍ രണ്ട് ദിനം: ഇക്കഴിഞ്ഞ 29നാണ് മണിപ്പൂരില്‍ സന്ദര്‍ശനം നടത്താന്‍ പ്രതിപക്ഷ മഹാസഖ്യമായ 'ഇന്ത്യ' പ്രതിനിധികളെത്തിയത്. മണിപ്പൂരിലെ സംഘര്‍ഷ മേഖലകളിലെ ജനങ്ങളുമായി കൂടിക്കാഴ്‌ച നടത്തി സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനായാണ് സംഘം സന്ദര്‍ശനം നടത്തിയത്. ജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടത്തണമെന്നും സംഘം മണിപ്പൂരിലെത്തിയതിന് ശേഷം പ്രതികരിച്ചിരുന്നു.
പ്രതിപക്ഷ സംഘത്തെ മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഒക്രം ഇബോബി സിങ് സ്വീകരിച്ചു. സംഘര്‍ഷ മേഖലകളില്‍ സന്ദര്‍ശനം നടത്താന്‍ അവിടങ്ങളിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സഹായവും സംഘത്തിന് ലഭിച്ചു. രണ്ട് ദിവസമാണ് (ജൂലൈ 29,30) സംഘം മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയത്.