ന്യൂഡല്‍ഹി: തുടര്‍ച്ചയായി സഭാ നടപടികള്‍ തടസപ്പെടുന്നതില്‍ അതൃപ്‌തി പ്രകടമാക്കി ലോക്‌സഭ സ്‌പീക്കര്‍ ഓം ബിർള. വര്‍ഷകാല സമ്മേളനത്തിനായി ചേര്‍ന്ന സഭയില്‍ നിരന്തരമായി തടസങ്ങളുണ്ടായതോടെയാണ് ഇതില്‍ അതൃപ്‌തനായി സ്‌പീക്കര്‍ ഓം ബിർള സഭാ നടപടികളിൽ നിന്ന് വിട്ടുനിന്നത്. അംഗങ്ങൾ സഭയുടെ അന്തസിന് അനുസൃതമായി പെരുമാറുന്നതുവരെ ലോക്‌സഭയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം തീരുമാനിച്ചതായി ഓം ബിര്‍ളയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ബുധനാഴ്ച (02.08.2023) റിപ്പോർട്ട് ചെയ്തു.
സ്‌പീക്കര്‍ അസ്വസ്ഥനാണ്: ചൊവ്വാഴ്‌ച (01.08.2023) ലോക്‌സഭയിൽ ബില്ലുകൾ പാസാക്കുന്നതിനിടെ പ്രതിപക്ഷത്തിന്‍റെയും ട്രഷറി ബഞ്ചുകളുടെയും പെരുമാറ്റത്തിൽ സ്‌പീക്കര്‍ ബിർള അസ്വസ്ഥനായിരുന്നുവെന്ന് പാർലമെന്‍റ് ഉദ്യോഗസ്ഥർ അറിയിച്ചു. മൺസൂൺ സമ്മേളനം ആരംഭിച്ചത് മുതൽ സഭയില്‍ ആവർത്തിച്ചുള്ള തടസങ്ങളിൽ സ്പീക്കറുടെ അതൃപ്തി പ്രതിപക്ഷത്തെയും ട്രഷറി ബെഞ്ചിനെയും അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സ്‌പീക്കര്‍ സഭയുടെ അന്തസിനെ വളരെയധികം ബഹുമാനിക്കുന്നുവെന്നും അതുകൊണ്ടുതന്നെ സഭാ നടപടികളിൽ അംഗങ്ങൾ മര്യാദ പാലിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേര്‍ത്തു. അതേസമയം സ്‌പീക്കര്‍ ഓം ബിര്‍ളയുടെ അഭാവത്തില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് മിഥുന്‍ റെഡ്ഡിയായിരുന്നു ബുധനാഴ്‌ച ലോക്‌സഭയിലെ ചോദ്യോത്തരവേള നിയന്ത്രിച്ചത്.
പ്രതിഷേധം അണയുന്നില്ല: മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ചത് മുതല്‍ തന്നെ മണിപ്പൂരിനെ ചൊല്ലി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പ്രക്ഷുബ്‌ധമായിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നറിയിച്ച് പ്രതിപക്ഷം പ്രതിഷേധവും കടുപ്പിച്ചു. എന്നാല്‍ ഇതിനിടെ പല ബില്ലുകളും ഭരണപക്ഷം ശബ്‌ദവോട്ടോടെ പാസാക്കുകയും ചെയ്‌തു. ചൊവ്വാഴ്‌ച ദിവസവും (01.08.2023) മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ അംഗങ്ങൾ സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതോടെ സഭ താത്‌കാലികമായി നിര്‍ത്തി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. ഉച്ചഭക്ഷണത്തിന് ശേഷം സഭ സമ്മേളിച്ചപ്പോൾ പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലേക്ക് ഇരച്ചെത്തി.
മാസങ്ങളായി വംശീയ കലാപം അരങ്ങേറുന്ന മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന ആവശ്യപ്പെട്ട് ഇവര്‍ മുദ്രാവാക്യവും മുഴക്കി. ഇതോടെ പ്രതിപക്ഷ അംഗങ്ങളോട് മര്യാദ പാലിക്കാനും മന്ത്രിമാരോട് പാര്‍ലമെന്‍ററി പേപ്പറുകള്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കാനും സ്‌പീക്കര്‍ കസേരയിലുണ്ടായിരുന്ന ബിജെപി അംഗം കിരിത് സോളങ്കി അഭ്യര്‍ഥിച്ചു. എന്നാല്‍ പ്രതിപക്ഷ നേതാക്കൾ ഇതിന് വഴങ്ങാൻ വിസമ്മതിച്ചതോടെ സഭ നടപടികൾ ബുധനാഴ്‌ചത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു.
അതേസമയം പ്രതിഷേധങ്ങള്‍ക്കിടയിലും രാജ്യത്തെ എല്ലാ പൊലീസ് സേനകൾക്കും പൊതുയൂണിഫോമെന്ന നിർദേശത്തില്‍ 24 സംസ്ഥാനങ്ങളുടെ പ്രതികരണം ലഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശത്തിലെ പ്രതികരണം സംബന്ധിച്ചുള്ള ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ് ലോക്‌സഭയില്‍ ഇതിന് മറുപടി നല്‍കിയത്. സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാരെ പങ്കെടുപ്പിച്ചുകൊണ്ട് കേന്ദ്രം സംഘടിപ്പിച്ച 'ചിന്തൻ ശിവിർ' പരിപാടിയിലാണ് 'ഒരു രാഷ്‌ട്രം, ഒരു പൊലീസ് യൂണിഫോം' എന്നത് പരിഗണിക്കാൻ നിര്‍ദേശം നല്‍കിയിരുന്നത്.