ന്യൂഡൽഹി : യുപിഎസ്‌സി ഉദ്യോഗാർഥികൾക്കായി പാർലമെന്‍റ് പാനൽ നിർദേശിച്ച ഇളവ് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. കൊവിഡ് ബാധിച്ച് സിവിൽ സർവീസ് മെയിൻ പരീക്ഷയിൽ ഹാജരാകാൻ കഴിയാത്ത ഉദ്യോഗാർഥികൾക്ക് പുനഃപരീക്ഷ ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ശുപാർശ.
നിലപാടിൽ മാറ്റം വരുത്താനും, ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്ന ഇളവ് അനുവദിക്കാനും സർക്കാരിനോട് ശുപാർശ ചെയ്‌ത് പാർലമെന്‍ററി കമ്മിറ്റി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ജസ്റ്റിസ് എ.എം ഖാന്‍വിൽക്കർ അധ്യക്ഷനായ ബഞ്ച് ഹർജി തീർപ്പാക്കിയത്. 2 ആഴ്‌ചയ്‌ക്കുള്ളിൽ ഉദ്യോഗാർഥികളുടെ പ്രാതിനിധ്യം പരിശോധിക്കാൻ അധികാരികൾക്ക് നിർദേശം നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ കേസ് പരിഗണിച്ചുവരുന്ന കോടതി കേന്ദ്രത്തോടും യുപിഎസ്‌സിയോടും പ്രതികരണം തേടിയിരുന്നു.
വ്യത്യസ്‌ത സാഹചര്യങ്ങളിൽ പരീക്ഷ എഴുതാൻ കഴിയാത്ത ഉദ്യോഗാർഥികള്‍ക്ക് സഹായകരമാവുമെന്ന് ചൂണ്ടിക്കാട്ടിയ ഇളവ് നൽകാൻ കേന്ദ്രം വിസമ്മതിച്ചിരുന്നു. എല്ലാ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ട് കൊവിഡ് ബാധിതരായ ഉദ്യോഗാർഥികൾക്കായി പ്രത്യേക സംവിധാനം യുപിഎസ്‌സി ഏർപ്പെടുത്തിയിരുന്നു. കൊവിഡ് ഇപ്പോൾ മറ്റേതൊരു അസുഖത്തെയും പോലെയാണെന്നും ഇത് കൊവിഡിന്‍റെ മൂന്നാം വർഷമാണെന്നും, ഇത് കൈകാര്യം ചെയ്യുന്നതിൽ രാജ്യം കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും എഎസ്‌ജി ഐശ്വര്യ ഭാട്ടി പറഞ്ഞു.
രോഗബാധിതർ വീട്ടിൽ ഇരിക്കണമെന്നും അണുബാധ പടർത്താൻ വഴിയൊരുക്കരുതെന്നുമുള്ള സർക്കാരിന്‍റെ നിർദേശങ്ങൾ ഉദ്യോഗാർഥികൾ പാലിക്കുകയായിരുന്നു. അവർക്ക് വേണമെങ്കിൽ അത് മറച്ചുവച്ച് പരീക്ഷ എഴുതാൻ കഴിയുമായിരുന്നു, പക്ഷേ അവർ സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചു. ഇപ്പോൾ അവരെയും പരിഗണിക്കണം.
അത്തരം ഉദ്യോഗാർഥികളുടെ എണ്ണം വളരെ കുറവായിരിക്കുമെന്നും ഇളവ് അനുവദിക്കുന്നതിനായി ആർടി-പിസിആർ ടെസ്റ്റുകൾ പരിഗണിക്കണമെന്നും അഭിഭാഷകൻ ഗോപാൽ ശങ്കർനാരായണൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പാർലമെന്‍ററി കമ്മിറ്റി റിപ്പോർട്ട് വന്നിട്ടുണ്ടെന്നും അത് പരിഗണിച്ച് കേന്ദ്രം അനുകൂലമായ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.