ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും ആം ആദ്‌മി പാർട്ടി എംപി രാഘവ് ഛദ്ദയുടെയും സ്വപ്‌നതുല്യമായ വിവാഹത്തിലെ ആദ്യ ചിത്രങ്ങൾ പുറത്ത് (Parineeti Chopra Raghav Chadha marriage pictures). രാജസ്ഥാനിലെ ഉദയ്‌പൂരിലെ ലീല പാലസിൽ വച്ച് നടന്ന തങ്ങളുടെ വിവാഹ ചിത്രങ്ങൾ പങ്കുവയ്ക്കാൻ നവ താര ദമ്പതികൾ സോഷ്യൽ മീഡിയയിൽ എത്തി. തിങ്കളാഴ്‌ച രാവിലെയാണ് (സെപ്‌റ്റംബര്‍ 25) പരിനീതിയും രാഘവും തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജില്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത്.
വിവാഹ ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് ഹൃദയസ്‌പര്‍ശിയായ ഒരു അടിക്കുറിപ്പും താരദമ്പതികള്‍ കുറിച്ചു. 'ബ്രേക്ക്ഫാസ്‌റ്റ് ടേബിളിലെ ആദ്യത്തെ ചാറ്റ് മുതൽ ഞങ്ങളുടെ ഹൃദയം അറിഞ്ഞു. ഈ ദിവസത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു.. ഒടുവിൽ മിസ്‌റ്റർ ആൻഡ് മിസിസ് ആകാൻ സാധിച്ചതിൽ ഭാഗ്യം! ഞങ്ങൾക്ക് പരസ്‌പരം ഇല്ലാതെ ജീവിക്കാൻ കഴിയില്ല. നമ്മുടെ എന്നന്നേയ്‌ക്കുമുള്ള ജീവിതം ഇവിടെ ആരംഭിക്കുന്നു.' -ഇപ്രകാരമാണ് പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹ ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത് (Our Forever Begins Now).
ഐവറി നിറമുള്ള ഷെര്‍വാണിയും അതിന് അനുയോജ്യമായ തലപ്പാവും ധരിച്ച് വളരെ ക്യൂട്ട് ലുക്കിലാണ് രാഘവ് ഛദ്ദ വിവാഹ വേദിയില്‍ എത്തിയത്. രാഘവിന്‍റെ അമ്മാവനും ഫാഷന്‍ ഡിസൈനറുമായ പവന്‍ സഛ്‌ദേവയും, പ്രമുഖ ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയും ചേര്‍ന്നാണ് പരിനീതിയുടെ വിവാഹ വസ്‌ത്രം ഡിസൈന്‍ ചെയ്‌തത്.
ഐവറി നിറമുള്ള വിവാഹ ലെഹങ്കയും, മെഹന്ദി ഡിസൈനും, പിങ്ക് നിറമുള്ള വളകളും പരിനീതിയെ കൂടുതല്‍ സുന്ദരിയാക്കി. പരിനീതിയുടെ വെഡ്ഡിങ് ഷാളും വിവാഹ വേദിയിലുണ്ടായിരുന്ന ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. പരിനീതിയുടെ ഷാളില്‍ സ്വര്‍ണം നിറം കൊണ്ട് രാഘവ് എന്ന് ഹിന്ദിയില്‍ എഴുതിയിരുന്നു. ഇതിന്‍റെ ചിത്രവും താര ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
Also Read: Parineeti Chopra Raghav Chadha Reception Look: 'രാജകീയം'; പരിനീതി ചോപ്ര-രാഘവ് ഛദ്ദ റിസപ്‌ഷൻ ലുക്ക്
വിവാഹ ദിനത്തില്‍ തന്‍റെ ലുക്കിനെ കൂടുതല്‍ മനോഹരമാക്കുന്നതായിരുന്നു പരിനീതിയുടെ നെറ്റിച്ചുട്ടിയും, കഴുത്തില്‍ അണിഞ്ഞ ഹെവി നെക്ലേസും. ഒപ്പം പരിനീതി കയ്യില്‍ അണിഞ്ഞ സ്വര്‍ണ നിറമുള്ള കലീറയും ശ്രദ്ധേയമായി.
(കലീറ എന്നാല്‍ വെറുമൊരു ആഭരണം അല്ല. എല്ലാ പഞ്ചാബി വിവാഹങ്ങളിലും നടക്കുന്ന ഒരു ചടങ്ങിന്‍റെ പ്രധാന ഭാഗമാണിത്. കല്യാണ ദിവസം രാവിലെയും, ഹൽദി ചടങ്ങിന് തൊട്ടു പിന്നാലെയുമാണ് കലീറ ചടങ്ങ് നടക്കുന്നത്. വിവാഹിതരായ സ്ത്രീകൾ വധുവിന്‍റെ കൈ തണ്ടയില്‍, നീളമുള്ള കുടയുടെ ആകൃതിയിലുള്ള ഈ കലീറ ആഭരണങ്ങൾ അണിയിക്കുന്നു.)
സെപ്‌റ്റംബർ 24ന് രാജസ്ഥാനിലെ ഉദയ്‌പൂരിൽ വച്ച് അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. ലണ്ടനിൽ ഒരുമിച്ച് പഠിച്ച പരിനീതിയും രാഘവും സുഹൃത്തുക്കളാവുകയും ഒടുവില്‍ പ്രണയത്തിലാവുകയും ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയുമായിരുന്നു.