ശ്രീനഗര്‍ : 'മോനേ നദീം, നിന്‍റെ തെറ്റുകള്‍ ക്ഷമിക്കാന്‍ ഞാന്‍ അവരോട് പറയാം. ദയവായി നീ കീഴടങ്ങ്...' അമ്മയുടെ നെഞ്ചില്‍ തട്ടിയുള്ള വാക്കുകള്‍ ആ മകന്‍ കേട്ടു. സുരക്ഷാസേനയ്ക്ക് മുന്നില്‍ കീഴടങ്ങി.
തെക്കൻ കശ്‌മീരിലെ കുൽഗാം ജില്ലയിലെ ഹാദിഗാം മേഖലയില്‍ ചൊവ്വാഴ്‌ച രാത്രിയുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയായിരുന്നു വൈകാരിക രംഗം. പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട രണ്ട് ഭീകരരോട് ആയുധം വച്ച് കീഴടങ്ങാനും ഒളിച്ചിരിക്കുന്ന വീട്ടിൽ നിന്ന് പുറത്ത് വരാനും മാതാപിതാക്കള്‍ അപേക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മാതാപിതാക്കളുടെ നിരന്തര പ്രേരണക്കൊടുവില്‍ ബുധനാഴ്‌ച രാവിലെ ഇരുവരും സുരക്ഷാസേനയ്ക്ക് മുന്നിൽ കീഴടങ്ങി.
മെഗാഫോണിലൂടെ മകനോട് ആയുധം താഴെവച്ച് പുറത്തുവരാൻ അമ്മ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം. 'മോനേ നദീം, നിന്‍റെ തെറ്റുകള്‍ ക്ഷമിക്കാന്‍ ഞാന്‍ അവരോട് പറയാം. ദയവായി നീ കീഴടങ്ങ്. നീ പുറത്തുവാ, നിന്നെ അത്രയ്ക്ക് ഇഷ്‌ടമാണ്. നിന്‍റെ ഭാഗത്തുനിന്ന് ഞാന്‍ അവരോട് മാപ്പ് ചോദിക്കാം. അച്ഛനും ഇവിടെയുണ്ട്. നിന്നോട് ക്ഷമിക്കാന്‍ ഞാന്‍ അവരോട് പറയാം, നീ കീഴടങ്ങ്'.
അച്ഛനും മകനോട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നുണ്ട്. 'സിഒ സാഹബും എസ്എസ്‌പി സാഹബും നിന്നോട് കീഴടങ്ങാനാണ് പറയുന്നത്. അവർ നിന്നെ ഉപദ്രവിക്കില്ല. നിനക്ക് ഉറപ്പായും തിരിച്ചുവരാം'. ഒളിച്ചിരിക്കുന്ന മറ്റൊരു ഭീകരനായ കഫീലിനോട് മാതാപിതാക്കള്‍ ഒപ്പമുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറയുന്നത് വീഡിയോയുടെ അവസാന ഭാഗത്ത് കേൾക്കാം'. എസ്‌എസ്‌പി സാഹബും സിഒ സാഹബും നിങ്ങൾക്ക് കീഴടങ്ങാൻ ഒരവസരം തന്നിരിക്കുകയാണ്. നദീമും കഫീലും ആയുധം താഴെ വച്ച് പുറത്തുവരൂ' - ഉദ്യോഗസ്ഥന്‍ പറയുന്നു.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് ചൊവ്വാഴ്‌ച രാത്രി ഹാദിഗാം ഗ്രാമം ജമ്മു കശ്‌മീർ പൊലീസിന്‍റെയും സൈന്യത്തിന്‍റെയും അർധ സൈനിക വിഭാഗത്തിന്‍റെയും സംയുക്ത സംഘം വളയുകയായിരുന്നു. അപ്രതീക്ഷിതമായി ഭീകരര്‍ വെടിയുതിർത്തതോടെ സേനയും പ്രത്യാക്രമണം നടത്തി. ഏറ്റുമുട്ടലിനിടെ ഭീകരര്‍ പ്രദേശവാസികളാണെന്ന് മനസിലാകുകയും തുടർന്ന് അവരുടെ കുടുംബാംഗങ്ങളെ സമീപിക്കുകയും അനുനയ ശ്രമം നടത്തുകയുമായിരുന്നു. മാതാപിതാക്കളുടെ അപേക്ഷയെ തുടർന്ന് രണ്ട് ഭീകരരും കീഴടങ്ങി. ഈ വർഷം കശ്‌മീരിൽ സുരക്ഷാസേനയ്ക്ക് മുന്നില്‍ ഭീകരർ കീഴടങ്ങുന്ന ആദ്യത്തെ സംഭവമാണിത്.