പൂനെ: 22 തെരുവുനായ്‌ക്കൾക്കൊപ്പം രണ്ടുവർഷത്തോളം 11കാരനെ അപ്പാർട്ട്മെന്‍റിൽ പാർപ്പിച്ച മാതാപിതാക്കൾക്കെതിരെ കേസെടുത്തു. പൂനെയിലെ കോണ്ട്‌വയിലാണ് സംഭവം. സമീപവാസികളാണ് കുട്ടിയുടെ അവസ്ഥ ആദ്യം ശ്രദ്ധിച്ചത്.
അപ്പാർട്ട്മെന്‍റിന്‍റെ ജനലഴികളിലൂടെ നിരീക്ഷിച്ചിരുന്ന ഇവർ, കുട്ടി പലപ്പോഴും മാനസികമായി അസ്വസ്ഥനാണെന്ന് കണ്ടെത്തി. തുടർന്ന് കുട്ടികൾക്കായി അടിയന്തര സേവനങ്ങൾ നൽകുന്ന എൻജിഒ ആയ ധ്യാൻ ദേവി ചൈൽഡ്‌ലൈനിലേക്ക് വിവരമറിയിക്കുകയായിരുന്നു.
മകനോട് മാതാപിതാക്കളുടെ ക്രൂരത: എൻജിഒയിലെ സാമൂഹിക പ്രവർത്തകർ സംഭവസ്ഥലത്തേക്കെത്തി. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു അപ്പാർട്ട്മെന്‍റ്. എന്നാൽ നായ്‌ക്കളും കുട്ടിയും ഉള്ളിലുണ്ടായിരുന്നു. അവിടെ നിന്ന് നാല് നായ്‌ക്കളുടെ ശവശരീരങ്ങളും കണ്ടെത്തിയതായി ധ്യാൻ ദേവി ചൈൽഡ്‌ലൈൻ അധികൃത അനുരാധ സഹസ്രബുദ്ധേ പറയുന്നു.
മൃഗങ്ങളുടെ വിസർജ്യങ്ങൾ പോലും അപ്പാർട്ട്മെന്‍റിൽ നിന്ന് നീക്കം ചെയ്‌തിരുന്നില്ല. കുട്ടിയെ ഏറെ വൃത്തിഹീനമായ സ്ഥിതിയിലായിരുന്നു കണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. പ്രദേശത്ത് കട നടത്തിവരുന്ന കുട്ടിയുടെ പിതാവും ബിരുദധാരിയായ മാതാവും നായപ്രേമികളാണെന്നും അതിനാലാണ് തങ്ങളുടെ അപ്പാർട്ട്‌മെന്‍റിൽ നായകളെ വളർത്തിയിരുന്നതെന്നും അവർ പറയുന്നു.
പൊലീസിനും വീഴ്‌ച: വിഷയത്തിൽ പൊലീസിലെ ഒരു വിഭാഗത്തിൽ നിന്ന് പ്രതീക്ഷിച്ച തോതിലുള്ള സഹകരണം ലഭിച്ചില്ലെന്നും സഹസ്രബുദ്ധെ ആരോപിച്ചു. കോണ്ട്‌വ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്‌ടർ ഉദ്യോഗസ്ഥരോട് വാതിൽ തകർത്ത് കുട്ടിയെ രക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ അത് ചെയ്യാൻ മടികാണിച്ചുവെന്നും അവർ പറയുന്നു.
കുട്ടിയുടെ രക്ഷിതാക്കൾ തിരിച്ചെത്തിയപ്പോൾ തങ്ങളുടെ പ്രവർത്തകർ അവരുമായി സംസാരിക്കുകയും കുട്ടിയെ രക്ഷിക്കാൻ പൊലീസിന്‍റെ സഹായം തേടുകയും ചെയ്തു. കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞുവങ്കിലും വിഷയത്തിൽ പരാതി സ്വീകരിക്കാൻ പൊലീസ് തയാറായില്ല. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (CWC) സംഭവം അറിയിക്കുകയും കമ്മിറ്റി ഭാരവാഹികൾ ഇടപെട്ട് ഏറെ നിർബന്ധിച്ച ശേഷമാണ് ചൊവ്വാഴ്‌ച (മെയ് 10) കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതെന്നും സഹസ്രബുദ്ധെ ആരോപിച്ചു.
നായ്‌ക്കൾക്കൊപ്പം രണ്ട് വർഷം: ഏകദേശം രണ്ട് വർഷത്തോളമാണ് കുട്ടി നായ്‌ക്കൾക്കൊപ്പം കഴിഞ്ഞത്. അതുകൊണ്ട് തന്നെ അത് കുട്ടിയുടെ പെരുമാറ്റ വികാസത്തെ ബാധിച്ചു. നായ്‌ക്കളെപ്പോലെ പെരുമാറാൻ തുടങ്ങിയതോടെ കുട്ടിയുടെ സ്‌കൂൾ പഠനം നിർത്തലാക്കിയതായും മനസിലാക്കി. കുട്ടിക്ക് ശരിയായ ചികിത്സയും കൗൺസിങ്ങും നൽകാനും സിഡബ്ല്യുസിയുടെ നിർദേശങ്ങൾ പാലിക്കാനും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളതായും അവർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ പ്രതികരിച്ച സീനിയർ ഇൻസ്‌പെക്‌ടർ സർദാർ പാട്ടീൽ, സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്‌ത് സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കുമെന്ന് അറിയിച്ചു. സിഡബ്ല്യുസിയുടെ നിർദേശപ്രകാരം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.