പല്‍നാട്: ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയിലെ മച്ചര്‍ല ടൗണില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് - ടിഡിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷം വലിയ അരക്ഷിതാവസ്ഥയാണ് നഗരത്തില്‍ ഉണ്ടാക്കിയത്. ടിഡിപി പ്രാദേശിക നേതാവ് ജുലകാന്തി ബ്രഹ്‌മ റെഡ്ഡിയടക്കമുള്ളവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ബ്രഹ്‌മ റെഡ്ഡിയുടെ വീടിന് നേരെയും ടിഡിപി ഓഫിസിന് നേരെയും ആക്രമണം ഉണ്ടായി. നിരവധി വാഹനങ്ങളും അഗ്‌നിക്ക് ഇരയാക്കി
വെള്ളിയാഴ്‌ച വൈകിട്ട് ആരംഭിച്ച സംഘര്‍ഷം രാത്രിവരെ നീണ്ടു നിന്നു. ടിഡിപി പ്രവര്‍ത്തകരുടെ റാലി പൊലീസിന്‍റെ സഹായത്തോടെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്ന് ടിഡിപി നേതാക്കള്‍ ആരോപിച്ചു. സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍ എത്തിയതിനെ തുടര്‍ന്നാണ് പൊലീസ് ഇടപെട്ടതെന്നും ടിഡിപി നേതാക്കള്‍ ആരോപിച്ചു.
സംഘര്‍ഷത്തെ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു അപലപിച്ചു. ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഗുണ്ടായിസമാണ് മച്ചര്‍ലയില്‍ നടക്കുന്നതെന്നും പൊലീസ് ഇതിന് കൂട്ട് നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം പുറത്ത് നിന്ന് വന്ന ടിഡിപി നേതാക്കള്‍ മച്ചര്‍ലയില്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയാണെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. സംഘര്‍ഷം സൃഷ്‌ടിച്ച ഇരു പാര്‍ട്ടികളിലും പെട്ടവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.