ബെംഗളുരു : അനധികൃതമായി രാജ്യത്ത് താമസിച്ചെന്ന് കാണിച്ച് പാകിസ്ഥാൻ യുവതിയെ പൊലീസ് ഉത്തര കന്നട ജില്ലയിലെ ഭട്‌കലില്‍ നിന്ന് അറസ്റ്റ് ചെയ്തു. ജാവിദ് മൊഹിദ്ദീൻ രുക്ഷുദ്ദീൻ എന്നയാളുടെ ഭാര്യ ഖദീജ മെഹ്രിൻ ആണ് പിടിയിലായത്.
ഇവര്‍ ഭട്‌കലില്‍ ഒരു കോളനിയില്‍ കഴിഞ്ഞുവരികയായിരുന്നു. എട്ട് വർഷം മുൻപ് ഖദീജ അനധികൃതമായി ഇന്ത്യയിലെത്തുകയായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍.
2014ൽ ദുബായിൽ വച്ച് ജാവിദ് മൊഹിദ്ദീൻ രുക്ഷുദ്ദീനെ വിവാഹം കഴിച്ച ഖദീജ സന്ദർശക വിസയിൽ ഇന്ത്യയിൽ എത്തിയ ശേഷം തിരിച്ച് മടങ്ങിയിരുന്നു. എന്നാൽ 2016ൽ അനധികൃതമായി രാജ്യത്തേക്ക് മൂന്ന് മക്കളുമായി വീണ്ടും വരികയും ഭർത്താവിന്‍റെ വീട്ടിൽ താമസിക്കുകയും ചെയ്തു.
പ്രാദേശിക സംവിധാനത്തില്‍ നിന്ന്, തെറ്റായ രേഖകൾ കാണിച്ച് റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, അധാർ കാർഡ്, പാൻ കാർഡ്, ഇലക്ടറൽ ഐഡന്‍റിറ്റി കാർഡ് എന്നിവ കൈപ്പറ്റുകയും ചെയ്തു.
Also Read: സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ : ആദ്യ ഘട്ട സ്ഥലമെടുപ്പ് ഉടന്‍
ഇവരുടെ രേഖകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഖദീജയ്‌ക്കെതിരെ വിദേശ നിയമ ലംഘനങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.