പബ്‌ജി ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനോടൊപ്പം ജീവിക്കാൻ പാകിസ്ഥാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിയ സീമ ഹൈദറിന് സിനിമയിൽ അഭിനയിക്കാൻ അവസരം. ഉദയ്‌പൂരിൽ ഭീകരർ വധിച്ച തയ്യൽക്കാരനായ കനയ്യ ലാലിന്‍റെ കൊലപാതകത്തെ ആസ്‌പദമാക്കി ജോണി ഫയർഫോക്‌സ് പ്രൊഡക്ഷൻ ഹൗസ് ഒരുക്കുന്ന 'എ ടെയിലേഴ്‌സ് മർഡർ സ്റ്റോറി' എന്ന ചിത്രത്തിലൂടെയാണ് സീമ ഹൈദർ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്.
ചിത്രത്തിൽ റോ ഏജന്‍റിന്‍റെ വേഷത്തിലാണ് സീമ അഭിനയിക്കുന്നത് എന്നാണ് വിവരം. ചിത്രത്തിനായി സംവിധായകരായ ജയന്ത് സിൻഹയും ഭരത് സിങും സീമയുടെ ഓഡിഷൻ നടത്തിയിരുന്നു. അതേസമയം, ചിത്രത്തിലഭിനയിക്കാൻ സീമ സമ്മതം നൽകിയോ എന്ന കാര്യം വ്യക്‌തമല്ല. പാകിസ്ഥാനിൽ നിന്ന് അനധികൃതമായി എത്തിയതിനാൽ തന്നെ നിലവിൽ ഉത്തർപ്രദേശ് ഭീകര വിരുദ്ധ സേനയുടെ നിരീക്ഷണത്തിലാണ് സീമ.
നിലവിൽ സച്ചിൻ മീണയെ വിവാഹം കഴിച്ച് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സീമയുടെ താമസം. പുതിയ വീട്ടിലേക്ക് മാറിയതോടെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി ഇവർ മാധ്യമങ്ങളോട് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഇവരെ സമീപിച്ചതെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് : നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ കറാച്ചി സ്വദേശിയായ സീമ ഗുലാം ഹൈദര്‍ ഓണ്‍ലൈന്‍ ഗെയിമായ പബ്‌ജി വഴിയാണ് ഇന്ത്യന്‍ വംശജനായ സച്ചിനുമായി പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇരുവരും നേപ്പാളിലെ പശുപതിനാഥ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായിരുന്നു. ശേഷം ഇരുവരും സ്വദേശത്തേക്ക് മടങ്ങി. തുടർന്ന് മെയ് മാസത്തിൽ സീമ സച്ചിനൊപ്പം ജീവിക്കാൻ ഇന്ത്യയിലേക്ക് എത്തുകയായിരുന്നു.
എന്നാൽ, അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതിനെത്തുടർന്ന് സീമയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. സീമയ്‌ക്ക് അഭയം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി സച്ചിന്‍ മീണക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. ജയിലിലടച്ച ഇരുവര്‍ക്കും കഴിഞ്ഞ ഏഴിന് കോടതി ജാമ്യം അനുവദിച്ചു. തുടർന്ന് ഇന്ത്യയിൽ ഒരുമിച്ച് താമസിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിക്കുകയും ചെയ്‌തിരുന്നു.
എന്നാൽ സീമയുടെ സഹോദരന് പാകിസ്ഥാൻ സൈന്യവുമായി ബന്ധമുണ്ടെന്ന് സീമയുടെ മുൻ ഭർത്താവിന്‍റെ വെളിപ്പെടുത്തൽ കൂടുതൽ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ ഇവരെ ഭീകര വിരുദ്ധ സേന ഉൾപ്പെടെ ചോദ്യം ചെയ്യലിന് വിധേയയാക്കിയിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ തന്നെ പോളിഗ്രാഫ് പരിശോധനയ്‌ക്ക് വിധേയയാക്കണമെന്നാവശ്യപ്പെട്ട് സീമ ഗുലാം ഹൈദര്‍ കോടതിയെ സമീപിച്ചിരുന്നു.
കനയ്യ ലാൽ കൊലപാതകം : പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് അപകീര്‍ത്തി പരാമർശം നടത്തിയതിന് സസ്‌പെന്‍ഷനിലായ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതിനെത്തുടർന്നാണ് ഉദയ്‌പൂരിൽ തയ്യൽക്കട നടത്തുന്ന കനയ്യ ലാലിനെ രണ്ട് പേർ ചേർന്ന് കൊലപ്പെടുത്തിയത്. 2022 ജൂണ്‍ 28നായിരുന്നു സംഭവം.
വസ്ത്രം തയ്പ്പിക്കാൻ എന്ന വ്യാജേന കടയിലെത്തിയ ഉദയ്‌പൂർ സ്വദേശികളായ ഗൗസ് മുഹമ്മദ്, റിയാസ് എന്നിവരാണ് കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന്‍റെ വീഡിയോയും പ്രതികൾ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ രാജ്‌സമന്ദ് ജില്ലയിൽ നിന്ന് അക്രമികളെ പിടികൂടുകയായിരുന്നു.