കറാച്ചി: പ്രണയത്തിന് അതിർവരമ്പുകളില്ലെന്ന് നാം പറയാറുണ്ട്. അത്തരത്തിൽ അതിരുകൾ ഭേദിച്ച് ഇന്ത്യൻ പൗരനെ വിവാഹം കഴിക്കുന്നതിനായി പാകിസ്ഥാനിൽ നിന്ന് ഒറ്റയ്‌ക്ക് ബെംഗളൂരുവിലേക്ക് യാത്ര ചെയ്‌ത് എത്തിയിരിക്കുകയാണ് 16കാരി. പാകിസ്ഥാനിലെ തെക്കൻ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് നഗരത്തിൽ നിന്നുള്ള ഇഖ്‌റ ജീവനി എന്ന പെൺകുട്ടിയുടെ കൗതുകകരമായ പ്രണയകഥയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
2022 സെപ്‌റ്റംബറിലാണ് കോളജിലേക്ക് പോയ ഇഖ്‌റ ജീവനിയെ കാണാതാകുന്നത്. തുടർന്ന് കഴിഞ്ഞ മാസം ബെംഗളൂരുവിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവിൽ മുലായം സിങ് യാദവ് എന്ന ഹിന്ദു യുവാവിനൊപ്പം കഴിയുകയായിരുന്നു പെൺകുട്ടി.
ഒരു 'ലുഡോ പ്രണയകഥ': ഓൺലൈൻ ഗെയിമായ ലുഡോ കളിക്കുന്നത് വഴിയാണ് ഇഖ്‌റയും യാദവും പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് താൻ പ്രണയിക്കുന്ന വ്യക്തിയെ നേരിട്ട് കാണാൻ ഇഖ്‌റ തീരുമാനിക്കുന്നത്.
തുടർന്ന് തന്‍റെ കൈയിലുണ്ടായിരുന്ന സ്വർണങ്ങൾ പണയം വച്ചും കോളജിലെ സുഹൃത്തുക്കളുടെ കൈവശം നിന്ന് കടം വാങ്ങിയും പണം സമാഹരിച്ചു. ഈ തുക കൊണ്ട് ദുബായിലേക്കുള്ള എയർ ടിക്കറ്റ് ബുക്ക് ചെയ്‌തു. ദുബായിലെത്തിയ ഇഖ്‌റ പിന്നീട് നേപ്പാളിലെ കാഠ്‌മണ്ഡുവിലെത്തി, അവിടെ നിന്നും ഇന്ത്യൻ അതിർത്തി കടക്കുകയായിരുന്നു.
സമീർ അൻസാരി എന്ന മുലായം സിങ് യാദവ്: അതേസമയം മുലായം സിങ് യാദവ് ഒരു മുസ്‌ലിം യുവാവും എഞ്ചിനീയറുമാണെന്നും അയാളുടെ പേര് സമീർ അൻസാരിയാണെന്നും കരുതിയാണ് പെൺകുട്ടി യുവാവുമായി പ്രണയത്തിലായതെന്നും അതിനെ തുടർന്നാണ് അപകടകരമായ യാത്ര നടത്തിയതെന്നും ഇഖ്‌റയുടെ മാതാപിതാക്കൾ ആരോപിച്ചു. ഓൺലൈൻ വഴി ലുഡോ കളിക്കുന്നതിനിടെ പെൺകുട്ടിയുമായി പരിചയത്തിലായ യുവാവ് യഥാർഥത്തിൽ 26 കാരനായ മുലായം സിങ് യാദവാണെന്നും, ഉത്തർപ്രദേശ് സ്വദേശിയായ ഇയാൾ ബംഗളൂരുവിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്‌തുവരികയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
അതിർത്തി കടന്നെത്തിയ പെൺകുട്ടിയെ ഇന്ത്യ - നേപ്പാൾ ബോർഡറിൽ നിന്നും തന്‍റെ വീട്ടിലേക്ക് കൊണ്ടുവന്ന യാദവ്, വിവാഹശേഷം റാവ എന്ന പേര് നൽകി ഇഖ്‌റയെ സ്വന്തം വീട്ടിൽ താമസിപ്പിച്ചു. കൂടാതെ ഇതേ പേരിൽ ആധാർ കാർഡ് നിർമിക്കുകയും, പെൺകുട്ടിക്കായി ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കുകയും ചെയ്‌തു. എന്നാൽ ഒരു ഹിന്ദു യുവാവിന്‍റെ വീട്ടിൽ താമസിച്ചുകൊണ്ട് ഒരു പെൺകുട്ടി നമസ്‌കരിക്കുന്നത് കണ്ട അയൽവാസികളിൽ ചിലർക്ക് സംശയം തോന്നി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
വിവരം ലഭിച്ചയുടനെ പൊലീസെത്തി ഇഖ്‌റയെ വീണ്ടെടുത്തു. ഒപ്പമുണ്ടായിരുന്ന മുലായം സിങ് യാദവ് നിലവിൽ ജയിലിൽ കഴിയുകയാണ്. ഇഖ്‌റയുടെ അമ്മാവനായ അഫ്‌സൽ ജീവനിയാണ് പെൺകുട്ടിയെ സംബന്ധിച്ച വിവരം പുറംലോകത്തെ അറിയിക്കുന്നത്.
ഇഖ്‌റയെ അവിടെ നിന്നും ഷെൽട്ടർ ഹോമിലേക്ക് മാറ്റിയ ശേഷം പൊലീസും ഇന്‍റലിജൻസ് ഉദ്യോഗസ്ഥരും പെൺകുട്ടിയെ ചോദ്യം ചെയ്‌തിരുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്കുള്ള വിസ ലഭിക്കാത്തതിനെ തുടർന്നാണ് 16കാരി ദുബായിലേക്കും അവിടെ നിന്നും കാഠ്‌മണ്ഡുവിലേക്കും പോയത്. നിലവിൽ ഇന്ത്യൻ അധികാരികൾ പെൺകുട്ടിയെ പാക് അധികാരികൾക്ക് കൈമാറിയതായും അവിടെനിന്നും മാതാപിതാക്കളെ ഏൽപിച്ചതായും അഫ്‌സൽ അറിയിച്ചു.
യുവാവ് കബളിപ്പിച്ചുവെന്ന് കുടുംബം: പാകിസ്ഥാനിലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടി നിരന്തരം ക്ഷമ ചോദിക്കുകയാണെന്നും അമ്മാവൻ വെളിപ്പെടുത്തി. താനൊരു മുസ്‌ലിം യുവാവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇഖ്‌റയുമായി ഇന്ത്യൻ പൗരൻ പരിചയത്തിലാകുന്നതെന്ന് അഫ്‌സൽ ആരോപിച്ചു. ബെംഗളൂരുവിൽ എത്തിയ മകൾ സത്യം തിരിച്ചറിഞ്ഞപ്പോൾ തന്‍റെ അമ്മയെ വിളിച്ച് എല്ലാം അറിയിക്കുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
മകളുടെ ഫോൺകോളിനെ കുറിച്ച് പാകിസ്ഥാൻ അധികൃതരെ കുടുംബം വിവരമറിയിച്ചു. ഉടൻ തന്നെ പാകിസ്ഥാൻ വിദേശകാര്യ ഓഫിസിന്‍റെ സഹായത്തോടെ ഇന്ത്യൻ അധികൃതരെ ബന്ധപ്പെടുകയും പെൺകുട്ടിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്‌തതായി അവർ വ്യക്തമാക്കി. ഞായറാഴ്‌ചയാണ് വാഗ അതിർത്തിയിൽവച്ച് പാകിസ്ഥാൻ അധികൃതർക്ക് ഇഖ്‌റയെ കൈമാറിയത്.
അതേസമയം തങ്ങളുടെ മകൾ പൊതുവെ ലജ്ജാശീലയാണെന്നും, എന്നാൽ തനിച്ച് ഇന്ത്യയിലേക്ക് പോകാൻ അവൾ എങ്ങനെ ധൈര്യം സംഭരിച്ചുവെന്ന് അറിയില്ലെന്നും ഇഖ്‌റയുടെ പിതാവ് സൊഹൈൽ ജീവനി പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ ഉണ്ടായ സംഭവവികാസങ്ങളുടെ ഞെട്ടലിൽ നിന്ന് കുടുംബം ഇപ്പോഴും കരകയറിയിട്ടില്ല. എന്നിരുന്നാലും മകളെ നാട്ടിലേക്ക് തിരികെയെത്തിക്കാൻ സഹായിച്ച പാകിസ്ഥാൻ, ഇന്ത്യൻ സർക്കാരുകളോട് നന്ദി അറിയിക്കുന്നതായും കുടുംബം കൂട്ടിച്ചേർത്തു.