ശ്രീനഗര്‍: ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറില്‍ പാകിസ്ഥാനി ഡ്രോണിനെ തുരത്തിയോടിച്ച് ബിഎസ്എഫ്. അതിർത്തി മേഖലയിൽ പാകിസ്ഥാന്‍റെ ഡ്രോണുകൾ കണ്ടെത്തുകയും ബിഎസ്എഫ് സൈനികർ വെടിവയ്ക്കുകയുമായിരുന്നു. സൈനികര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഡ്രോണുകൾ പാകിസ്ഥാനിലേക്ക് തിരിച്ചുപറന്നതായും അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ 4.25ഓടെയാണ് ഇന്ത്യൻ അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടത്. ബിഎസ്എഫ് പ്രദേശത്ത് പരിശോധന ആരംഭിച്ചു. ജമ്മു വിമാനത്താവളത്തിലെ വ്യോമസേന മേഖലയില്‍ ഞായറാഴ്‌ചയുണ്ടായ ഇരട്ട സ്‌ഫോടനത്തെ തുടര്‍ന്ന് സുരക്ഷ സേന അതീവ ജാഗ്രതയിലാണ്.
രാജ്യത്ത് ആദ്യമായുണ്ടായ ഡ്രോണ്‍ ഭീകരാക്രമണം ആണ് ജൂണ്‍ 27ന് ജമ്മു വിമാനത്താവളത്തിലുണ്ടായത്. വ്യോമസേനയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇരട്ട സ്ഫോടനത്തിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ജമ്മു കാലുചാക്കിലെ സൈനിക ക്യാമ്പിന് സമീപവും തിങ്കളാഴ്ച ഡ്രോണ്‍ കണ്ടെത്തിയിരുന്നു.
Also Read: കാലുചാക്ക് സൈനിക ക്യാമ്പിന് സമീപം ഡ്രോൺ കണ്ടെത്തി