ന്യൂഡൽഹി : ഉത്തര്‍പ്രദേശില്‍ അനധികൃതമായി താമസിച്ചതിന് പാകിസ്ഥാൻ യുവതിയും നാല് കുട്ടികളും പുറമെ ഗ്രേറ്റർ നോയിഡ സ്വദേശിയും പൊലീസിന്‍റെ പിടിയില്‍. ഓൺലൈൻ ഗെയിമായ പബ്‌ജി വഴി പരിചയപ്പെടുകയും തുടര്‍ന്ന് യുവതിയുമായി പ്രണയത്തിലാവുകയും ചെയ്‌ത യുപി സ്വദേശിയായ യുവാവാണ്, ഇവരെ നോയിഡയില്‍ താമസിപ്പിച്ചത്. ഈ വീട്ടിലെത്തി ഇന്നലെയാണ് പൊലീസിന്‍റെ നടപടി.
പ്രാഥമിക റിപ്പോർട്ട് പ്രകാരം, കറാച്ചി സ്വദേശിയായ സീമ ഗുലാം ഹൈദറാണ് യുവതി. നേപ്പാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഗ്രേറ്റർ നോയിഡയിലെ റബുപുര പ്രദേശത്തെ സച്ചിൻ എന്ന യുവാവുമായാണ് ഇവര്‍ പ്രണയത്തിലായത്. ഇയാള്‍ക്കൊപ്പമാണ് യുവതിയും കുട്ടികളും താമസിച്ചുവന്നത്. നാല് കുട്ടികളോടൊപ്പം പാകിസ്ഥാൻ യുവതി അനധികൃതമായി താമസിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് റബുപുര പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു. ഇതോടെയാണ്, നടപടി സ്വീകരിച്ചതെന്ന് ഗ്രേറ്റർ നോയിഡ അഡീഷണൽ ഡിസിപി അശോക് കുമാർ സിങ് പറഞ്ഞു. ഉടൻ തന്നെ സോഷ്യൽ ഇന്‍റലിജൻസ്, ഇലക്‌ട്രോണിക് നിരീക്ഷണ വിഭാഗം എന്നിവയുടെ സഹായത്തോടെ പൊലീസ് അന്വേഷണ സംഘം രൂപീകരിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നു.
'യുവതി എത്തിയത് ചാരപ്രവർത്തനത്തിനോ'; അന്വേഷിക്കുമെന്ന് പൊലീസ്: 'പാകിസ്ഥാൻ യുവതി, നോയിഡ സ്വദേശിയായ യുവതിയുടെ കാമുകന്‍, സ്‌ത്രീയുടെ നാല് കുട്ടികള്‍ എന്നിവര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. പാകിസ്ഥാൻ യുവതിയും നോയിഡക്കാരനായ യുവാവും ഓൺലൈൻ ഗെയിമായ പബ്‌ജിയിലൂടെയാണ് പരിചയപ്പെട്ടത്. ഇത് അവർ തമ്മിലുള്ള സൗഹൃദത്തിലേക്ക് നയിച്ചു. ഇതാണ് യുവതിയേയും മക്കളേയും യുപിയില്‍ എത്തിക്കാനിടയാക്കിയത്. പിടിയിലായ യുവാവിനേയും യുവതിയേയും ഇപ്പോൾ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ കഴിഞ്ഞാൽ കൂടുതൽ വിശദാംശങ്ങള്‍ പുറത്തുവിടാം' - അഡീഷണൽ ഡിസിപി അശോക് കുമാർ സിങ് പറഞ്ഞു.
മെയ് 13നാണ് യുവതി സച്ചിന്‍റെ വീട്ടിലെത്തിയത്. ശേഷം സച്ചിൻ വാടകയ്ക്ക് വീടെടുത്ത് യുവതിയും കുട്ടികളുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. പാകിസ്ഥാൻകാരിയായ സീമ, സച്ചിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായും ഇതോടൊപ്പം ഇന്ത്യൻ പൗരത്വം സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നുമാണ് വിവരം. ഹിന്ദു രീതി അനുസരിച്ചാണ് സീമ നോയിഡയില്‍ കഴിഞ്ഞിരുന്നത്. എന്നാൽ, ജൂൺ 29ന് യുവതി മക്കളോടും സച്ചിനോടുമൊപ്പം വലിയപെരുന്നാള്‍ രഹസ്യമായി ആഘോഷിക്കുകയും ചെയ്‌തിരുന്നു. യുവതിയുടെ ഒരു സഹോദരൻ പാകിസ്ഥാൻ സൈന്യത്തിലാണെന്നും ഇക്കാരണത്താല്‍ യുവതി ചാരപ്രവർത്തനത്തിനാണോ ഇന്ത്യയിലെത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
അനധികൃതമായി ഇന്ത്യയിലെത്തി; ബംഗ്ലാദേശി പൗരന് തടവ്: അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി പൗരന് മൂന്ന് വർഷം തടവിന് ശിക്ഷിച്ചുള്ള വിധി വന്നത് 2020 ഏപ്രിലിലായിരുന്നു. അസമിലെ കാച്ചർ ജില്ല കോടതിയുടേതായിരുന്നു സുപ്രധാനമായ ഈ വിധി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എം ന്യൂപൈൻ ആണ് ശിക്ഷ വിധിച്ചത്. ബംഗ്ലാദേശിലെ ഹബീഗഞ്ച് ജില്ല സ്വദേശിയായ ഇനാമുദ്ദീൻ 2013 ഏപ്രിൽ അഞ്ചിനാണ് അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ചത്. 500 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഇയാളെ പിടികൂടിയ ബിഎസ്എഫ് ഉദ്യോഗസ്ഥൻ പൊലീസിന് കൈമാറുകയും തുടര്‍ന്ന് ഫോറിനേഴ്‌സ് ആക്‌ട് പ്രകാരം കേസെടുക്കുകയുമായിരുന്നു.
READ MORE | അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ബംഗ്ലാദേശ് പൗരന് തടവുശിക്ഷ വിധിച്ച് കോടതി