ഡാർജിലിങ് (പശ്ചിമ ബംഗാൾ) : നേപ്പാള്‍ വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാകിസ്‌ഥാന്‍കാരിയും മകനും അറസ്‌റ്റില്‍ (Pak Woman And Son Illegally Entered India Arrested). സിലിഗുരിയോട് ചേർന്നുകിടക്കുന്ന പാനിടാങ്കിയിലെ ഇന്ത്യ-നേപ്പാൾ അന്താരാഷ്ട്ര അതിർത്തിയിൽ നിന്നാണ് 62 കാരിയായ കറാച്ചി സ്വദേശിനി ഷൈസ്‌ത ഹനീഫും, 11 വയസ്സുള്ള മകൻ അരിയൻ മുഹമ്മദ് ഹനീഫും സൈനികരുടെ പിടിയിലായത്. ഇന്ത്യയിലുള്ള സഹോദരിയെ കാണാനാണ് ഇവര്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
ശാസ്‌ത്ര സീമ ബലിന്‍റെ (എസ്‌എസ്‌ബി) 41-ാം ബറ്റാലിയനിലെ സൈനികരാണ് സ്‌ത്രീയെയും മകനെയും കണ്ടെത്തിയത്. പിടിയിലാകുമ്പോള്‍ ഇവരുടെ പക്കല്‍ സാധുവായ ഇന്ത്യന്‍ വിസയോ മറ്റ് രേഖകളോ ഇല്ലായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം സൈനികര്‍ ഇവരെ ഡാർജിലിങ്ങിലെ ഖരിബാരി പൊലീസിന് കൈമാറി. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും സിലിഗുരി സബ് ഡിവിഷണൽ കോടതിയിൽ ഹാജരാക്കി.
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് ഷൈസ്‌തയുടെ സഹോദരി താമസിക്കുന്നത്. ഇവരെ കാണാനാണ് അമ്മയും മകനും സാഹസത്തിന് മുതിര്‍ന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അമ്മയും മകനും പാകിസ്ഥാന്‍ പൗരന്മാരാണെന്നും ഇവര്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൗദി അറേബ്യയിലാണ് താമസിക്കുന്നതെന്നും ഡാർജിലിംഗ് ജില്ല പൊലീസ് സൂപ്രണ്ട് പ്രവീൺ പ്രകാശ് പറഞ്ഞു.
"പ്രായപൂര്‍ത്തിയാകാത്ത മകനുമൊത്ത് സ്‌ത്രീ അനധികൃതമായി ഇന്ത്യയിൽ പ്രവേശിക്കുകയായിരുന്നു. നോർത്ത് 24 പർഗാനാസിലുള്ള സഹോദരിയെ സന്ദർശിക്കാൻ വന്നതാണെന്ന് ഇവര്‍ പറഞ്ഞു. ഞങ്ങൾ വിഷയം അന്വേഷിച്ചുവരികയാണ്" - എസ്‌പി പറഞ്ഞു.
Also Read: സീമ ഹൈദർ ഇനി 'റോ ഏജന്‍റ്'; കാമുകനെ തേടിയെത്തിയ പാകിസ്ഥാനി യുവതിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം
നവംബർ അഞ്ചിനാണ് ഷൈസ്‌ത ഹനീഫ് സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്കും, ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുമുള്ള വിമാന ടിക്കറ്റുകൾ വാങ്ങിയത്. നവംബർ 11 ന് സൗദി അറേബ്യയിലെ ജിദ്ദ എയർപോർട്ടിൽ നിന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഇവർ കാഠ്‌മണ്ഡുവിലേക്കുള്ള വിമാനത്തിൽ കയറി നേപ്പാളിലെത്തി. തുടര്‍ന്ന് ബുധനാഴ്‌ച രാവിലെ നേപ്പാളിലെ കകർവിറ്റയിൽ നിന്ന് മേച്ചി നദിക്ക് കുറുകെ നിർമിച്ച ഏഷ്യൻ ഹൈവേയുടെ പാലത്തിലൂടെ ഇവര്‍ ഇന്ത്യയില്‍ പ്രവേശിക്കുകയായിരുന്നു. അതിര്‍ത്തി നഗരമായ പാനിടാങ്കിയിൽ എത്തിയ ഉടന്‍, സംശയം തോന്നിയ എസ്എസ്ബി ജവാൻമാർ ഇവരെ തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു.
Also Read: ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം; പാകിസ്ഥാനില്‍ നിന്നുളള നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്‌എഫ് വെടിവച്ചു കൊന്നു
ഇരുവരിൽ നിന്നും പാകിസ്‌ഥാനി പാസ്പോര്‍ട്ട്, നേപ്പാള്‍ വരെ എത്താന്‍ എടുത്ത വിമാന ടിക്കറ്റുകള്‍, നേപ്പാൾ വിസ, രണ്ട് മൊബൈൽ ഫോണുകൾ, രണ്ട് സിം കാർഡുകൾ, ഒരു മെമ്മറി കാർഡ്, രണ്ട് പെൻഡ്രൈവുകള്‍, 10000 നേപ്പാൾ കറൻസി, 16350 ഇന്ത്യന്‍ രൂപ, 6 യൂറോ, 166 റിയാൽ എന്നിവ കണ്ടെടുത്തു. പാസ്പോര്‍ട്ടില്‍ നിന്ന് ഇവര്‍ കറാച്ചിയിലെ ഗഹൻമാർ സ്ട്രീറ്റിലെ സറാഫ ബസാർ സ്വദേശികളാണെന്ന് കണ്ടെത്തി. സ്ത്രീയുടെ പാസ്‌പോർട്ടിന് 2032 വരെയും മകന്‍റെ പാസ്‌പോർട്ടിന് 2027 മെയ് വരെയും കാലാവധിയുണ്ട്.