അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ ഭൈനി രാജ്‌പുതാന ഗ്രാമത്തിന് സമീപം അന്താരാഷ്‌ട്ര അതിർത്തിയിൽ (ഐബി) പാകിസ്ഥാൻ ഡ്രോൺ കണ്ടെടുത്ത് ബിഎസ്‌എഫും (അതിർത്തി രക്ഷ സേന) പഞ്ചാബ് പൊലീസും. ബുധനാഴ്‌ച (ജൂൺ 7) രാത്രിയാണ് പാകിസ്ഥാൻ ഡ്രോൺ രാജ്യാന്തര അതിർത്തിയില്‍ നിന്നും പിടികൂടിയത്.
'ജൂൺ 7 ബുധനാഴ്‌ച രാത്രി 9.10 ന് അമൃത്‌സർ ജില്ലയിലെ ഭൈനി രാജ്‌പുതാന ഗ്രാമത്തിന് സമീപം ഡ്രോണിന്‍റേത് എന്ന് സംശയിക്കുന്ന ഒരു ശബ്‌ദം ബിഎസ്എഫ് സൈനികർ കേൾക്കുകയുണ്ടായി. തുടർന്ന് ബിഎസ്എഫ് സൈനികർ ഉടൻ തന്നെ അത് തടഞ്ഞു' -ബിഎസ്‌എഫ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
പ്രസ്‌താവന പ്രകാരം, പൊലീസ് നാക്ക പാർട്ടിയും ബിഎസ്‌എഫിനൊപ്പം ചേർന്ന് പ്രദേശത്ത് സംയുക്ത തെരച്ചിൽ നടത്തി. തെരച്ചിലിനൊടുവില്‍, തകർന്ന നിലയിലുള്ള ഒരു ഡ്രോൺ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ഭൈനി രാജ്‌പുതാന ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള രജതൽ-ഭരോപാൽ-ഡാവോക്ക് ട്രൈ ജങ്‌ഷനോട് ചേർന്നുള്ള കൃഷിയിടത്തില്‍ നിന്നുമാണ് ഡ്രോൺ കണ്ടെടുത്തത്.
കണ്ടെടുത്ത ഡ്രോൺ ഡിജെഐ മാട്രൈസ് 300 ആര്‍ടികെ മോഡൽ സീരീസിന്‍റെ ക്വാഡ്‌കോപ്റ്ററാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആകാശത്ത് ചലിക്കാതെ നിലയുറപ്പിക്കാനാവുന്ന ഡ്രോണുകളാണ് ക്വാഡ്‌കോപ്റ്ററുകള്‍. സാധാരാണ ഡ്രോണുകളെക്കാള്‍ മികച്ച വിവരശേഖരണങ്ങളും ഉപയോഗവും ഇവയ്‌ക്ക് സാധ്യമാകും. അമൃത്‌സർ സെക്‌ടറിൽ ബിഎസ്‌എഫ് സൈനികർ മറ്റൊരു പാകിസ്ഥാൻ ഡ്രോൺ പിടികൂടിയതായും ബിഎസ്‌എഫ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം തിങ്കളാഴ്‌ച (ജൂൺ 5) അട്ടാരി-വാഗ അതിർത്തിയിലൂടെ മയക്കുമരുന്ന് കടത്തുകയായിരുന്ന പാകിസ്ഥാൻ ഡ്രോൺ ബിഎസ്എഫ് സൈന്യം വെടിവച്ചു വീഴ്ത്തിയിരുന്നു. ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്നായിരുന്നു ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡ്രോൺ വെടിവച്ച് വീഴ്ത്തിയതിന് ശേഷം നടത്തിയ പരിശോധനയില്‍ ഡ്രോണില്‍ നിന്നും മയക്കുമരുന്ന് ശേഖരം കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. കണ്ടെടുത്ത മയക്കുമരുന്നിന്‍റെ മൊത്ത ഭാരം ഏകദേശം 3.2 കിലോഗ്രാം ആണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടാതെ മെയ് 22 ന് ബിഎസ്എഫും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ അമൃത്‌സർ ജില്ലയിൽ നിന്ന് പാകിസ്ഥാൻ ഡ്രോണുകൾ വഴി ഇറക്കിയ മയക്കുമരുന്നുകളുടെ വൻശേഖരം കണ്ടെടുത്തിരുന്നു. പിന്നാലെയാണ് ഇപ്പോൾ അന്താരാഷ്‌ട്ര അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ ഡ്രോൺ കണ്ടെടുത്തിരിക്കുന്നത്.
അമൃത്‌സറിലെ രാജ്യാന്തര അതിർത്തിയിൽ മയക്കുമരുന്നുമായി പാകിസ്ഥാൻ ഡ്രോൺ: പഞ്ചാബിലെ അമൃത്‌സറിലെ രാജ്യാന്തര അതിർത്തിയിൽ മെയ് 22 ന് മയക്കുമരുന്നുമായി എത്തിയ പാകിസ്ഥാൻ ഡ്രോൺ അതിർത്തി രക്ഷ സേന വെടിവച്ചിട്ടിരുന്നു. പരിശോധനയ്ക്കിടെ ഹെറോയിൻ എന്ന് സംശയിക്കുന്ന രണ്ട് പാക്കറ്റുകൾ പിടിച്ചെടുത്തതായാണ് അന്ന് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചത്. അമൃത്‌സറിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം മയക്കുമരുന്ന് കടത്തുകയായിരുന്നു ലക്ഷ്യമെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സേന അറിയിച്ചിരുന്നു.