ന്യൂഡല്‍ഹി: 2023-ലെ പത്മ പുരസ്‌കാരങ്ങൾക്കുള്ള ഓൺലൈൻ നാമനിർദേശങ്ങളും ശുപാർശകളും ഈ വര്‍ഷം സെപ്‌റ്റംബർ 15 വരെ സമര്‍പ്പിക്കാം. 'രാഷ്‌ട്രീയ പുരസ്‌കാര്‍ പേര്‍ട്ടലില്‍' (https://awards.gov.in ) ഓണ്‍ലൈനായി മാത്രമെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു.
രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികളായ പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ തുടങ്ങിയ പുരസ്‌കാരങ്ങള്‍ 1954ലാണ് നിലവില്‍ വന്നത്. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ഇവ പ്രഖ്യാപിക്കുന്നത്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യം, സാമൂഹിക പ്രവർത്തനം, ശാസ്‌ത്രം , എഞ്ചിനീയറിങ്, പൊതുകാര്യങ്ങൾ, സിവിൽ സർവീസ് തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ചവരാണ് പുരസ്‌കാരങ്ങള്‍ നല്‍കുക.
ജനങ്ങളുടെ പത്മം: വ്യാപാരം, വ്യവസായം, വംശം, തൊഴിൽ, സ്ഥാനം, ലിംഗഭേദം എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാ വ്യക്തികളും ഈ അവാർഡുകൾക്ക് അർഹരാണ്. എന്നാല്‍ ഡോക്‌ടര്‍മാരും ശാസ്‌ത്രജ്ഞരും ഒഴികെ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ പത്മ പുരസ്‌കാരത്തിന് അർഹരല്ല. പത്മ പുരസ്‌കാരങ്ങളെ ജനങ്ങളുടെ പത്മമാക്കി മാറ്റാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രസ്‌താവനയില്‍ പറയുന്നു.
സ്വമേധയ സമര്‍പ്പിക്കുന്ന നാമനിർദേശം ഉൾപ്പെടെയുള്ള നാമനിർദേശങ്ങളും ശുപാർശകളും നൽകാൻ പ്രസ്‌താവനയില്‍ ശുപാര്‍ശ ചെയ്യുന്നു. സ്‌ത്രീകള്‍, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ, പട്ടികജാതി-പട്ടികവർഗക്കാർ, ദിവ്യാംഗങ്ങൾ, സമൂഹത്തിന് നിസ്വാർത്ഥമായ സേവനം ചെയ്യുന്നവർ എന്നിവരിൽ നിന്ന് പുരസ്‌കാരത്തിന് അര്‍ഹരായവരെ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ നടത്തും. നാമനിര്‍ദേശം ചെയ്യപ്പെടുന്ന വ്യക്തിയുടെ നേട്ടങ്ങളും പ്രസക്തമായ എല്ലാ വിശദാംശങ്ങളും സേവനങ്ങളും പോർട്ടലിൽ നിര്‍ദേശിച്ച ഫോർമാറ്റിൽ വ്യക്തമാക്കിയത് പോലെ 800 വാക്കുകളില്‍ ഉള്‍പെടുത്തി അയക്കാനും പ്രസ്‌താവനയില്‍ നിര്‍ദേശിക്കുന്നു.