ലക്‌നൗ: 30,000 ലിറ്റർ ലിക്വിഡ് ഓക്‌സിജനുമായി 'ഓക്‌സിജൻ എക്‌സ്‌പ്രസ്' ഉത്തർപ്രദേശിലെത്തി. ജാർഖണ്ഡിലെ ബൊക്കാറോയിൽ നിന്നും ഓക്‌സിജൻ നിറച്ച രണ്ട് ട്രക്കുകളുമായാണ് ഓക്‌സിജൻ എക്‌സ്‌പ്രസ് യുപിയിെലത്തിയത്. അതേസമയം കൂടുതൽ അളവിൽ ഓക്‌സിജൻ വിതരണം ചെയ്യാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവസ്‌തി പറഞ്ഞു. എൽഎംഒ ടാങ്കറുകൾ വഹിച്ചുള്ള ആദ്യ 'ഓക്‌സിജൻ എക്‌സ്‌പ്രസ്' കഴിഞ്ഞദിവസം വിശാഖപട്ടണത്ത് നിന്നും മുംബൈയിലെത്തിയിരുന്നു.
ഇന്ത്യൻ റെയിൽവേയുടെ റോ റോ സർവ്വീസ് വഴിയാണ് ഓക്‌സിജൻ വിവിധ സംസ്ഥാനങ്ങളിലെത്തിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. ബൊക്കാറോ കൂടാതെ ജംഷഡ്‌പൂർ, റൂർക്കേല , വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നുള്ള ഓക്‌സിജൻ എക്‌സ്‌പ്രസുകളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിെലത്തിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.