ഹൈദരാബാദ് (തെലങ്കാന): അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഹൈദരാബാദിൽ നിന്ന് മത്സരിക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി എംപി (MIM MP Owaisi Against Rahul Gandhi). തന്‍റെ മണ്ഡലമായ ഹൈദരാബാദിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു എഐഎംഐഎം എംപി (MIM Asaduddin Owaisi MP).
'ഞാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുകയാണ്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മത്സരിക്കാതെ ഹൈദരാബാദിൽ നിന്ന് മത്സരിക്കൂ. നേർക്കുനേർ നിന്ന് എനിക്കെതിരെ മത്സരിക്കൂ. ഞാൻ തയ്യാറാണ്' - അദ്ദേഹം പറഞ്ഞു. ബാബറി മസ്‌ജിദും സെക്രട്ടേറിയറ്റിലെ മസ്‌ജിദും തകർത്തത് കോൺഗ്രസ് ഭരണത്തിന് കീഴിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം തെലങ്കാന സന്ദർശന വേളയിൽ ബിജെപിയും ബിആർഎസും എഐഎംഐഎമ്മും ഒറ്റക്കെട്ടാണെന്നും ഇവർ പ്രധാനമന്ത്രിയുടെ സ്വന്തക്കാരാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ബിആർഎസ് അധ്യക്ഷൻ ചന്ദ്രശേഖര റാവുവിനും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കുമെതിരെ (AIMIM chief Asaduddin Owaisi) പൊതുയോഗത്തിൽ രാഹുൽ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ച് എഐഎംഐഎം എംപി ഒവൈസി രംഗത്തെത്തിയിരിക്കുന്നത്.
പ്രതിപക്ഷ നേതാക്കളെ സർക്കാർ ഏജൻസികൾ ആക്രമിക്കുമ്പോൾ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനും (K Chandrashekar Rao) എഐഎംഐഎം (All India Majlis-e-Ittehadul Muslimeen) നേതാക്കൾക്കുമെതിരെ യാതൊരു കേസുകളും രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിആർഎസിനെ (Bharat Rashtra Samithi) 'ബിജെപി ബന്ധുത്വ സമിതി' ('BJP Rishtedar Samithi') എന്നും രാഹുൽ ഗാന്ധി പരാമർശിച്ചു. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെതിരെ കേസുകൾ ഇല്ലാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ സ്വന്തം ആളുകളായി കാണുന്നത് കൊണ്ടാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടുക്കുഗുഡയിൽ ചേർന്ന പൊതുയോഗത്തിൽ വച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ബിആർഎസ് (BRS), ബിജെപി, എഐഎംഐഎം എന്നിവർക്കെതിരെയാണ് കോൺഗ്രസ് പോരാടുന്നത്. ഈ മൂന്ന് പാർട്ടികൾ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. ലോക്‌സഭയിൽ ബിജെപിയ്‌ക്ക് ആവശ്യമുള്ളപ്പോഴൊക്കെ ബിആർഎസ് അവർക്ക് പിന്തുണ നൽകാറുണ്ട്. കാർഷിക നിയമങ്ങൾ, ജിഎസ്‌ടി, രാഷ്‌ട്രപതി - ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പുകൾ എന്നിവയെല്ലാം അതിന് ഉദാഹരണങ്ങളാണ് എന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
എപ്പോഴും പ്രതിപക്ഷമാണ് ആക്രമിക്കപ്പെടാറുള്ളത്. സ്വന്തം ആളുകളെ നരേന്ദ്ര മോദി ആക്രമിക്കാറില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയ്‌ക്കും എഐഎംഐഎം നേതാക്കൾക്കും എതിരെ ഇതുവരെ കേസുകൾൾ ഇല്ലാത്തത്. അടുത്ത 100 ദിവസത്തിനുള്ളിൽ ബിആർഎസ് സർക്കാർ ഇല്ലാതാകുമെന്നും അത് ബിജെപിക്കോ എഐഎംഐഎമ്മിനോ തടയാനാകില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.