ന്യൂഡൽഹി : രാജ്യത്ത് ഇതുവരെ 95 ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വാക്സിന്റെ ആദ്യത്തെ ഡോസ് ലഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ അറിയിച്ചു. അതിൽ 65 ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകർക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
വാക്സിനേഷൻ വിതരണത്തിന്റെ പുരോഗതിയെക്കുറിച്ച് ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ജമ്മു കശ്മീർ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളുടെ ആരോഗ്യ മന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തൊട്ടാകെയുള്ള കൊവിഡ് കേസുകളിൽ പെട്ടെന്നുള്ള വർധനയുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.
Also read: രാജ്യത്ത് സജീവ കൊവിഡ് കേസുകൾ കുറയുന്നു
രാജ്യം സമ്മർദ്ദത്തിലായിട്ടും എല്ലാവരും കൊവിഡിനെ നേരിടാനുള്ള ശ്രമങ്ങൾ ശക്തമാക്കിയതായും ഹർഷ് വർധൻ പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,48,412 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കൂടാതെ പുതുതായി 3,55,338 പേർ രോഗമുക്തി നേടി. ഇത് കൊവിഡ് കേസുകൾ കുറയുന്നതിന്റെ സൂചനയാണെന്നും ക്രമേണ സജീവ കേസുകളുടെ എണ്ണം കുറയുമെന്നും അദ്ദേഹം പറഞ്ഞു.