ന്യൂഡൽഹി : ഇന്ത്യയിൽ അപകട സാധ്യത വർധിപ്പിക്കുന്ന 7,000 ത്തിലധികം കൊറോണ വൈറസ് വകഭേദങ്ങളുണ്ടെന്ന് റിപ്പോർട്ട്. കൊറോണ വൈറസ് വകഭേദമായ N440K വൈറസുകൾ ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിൽ വ്യാപിക്കുന്നുണ്ടെന്ന് കൗൺസിൽ ഫോർ സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് - സെന്‍റർ ഫോർ സെല്ലുലാർ ആന്‍റ് മോളിക്യുലർ ബയോളജി ഡയറക്ടർ രാകേഷ് മിശ്ര പറഞ്ഞു. സിസിഎംബിയുടെ പഠനമനുസരിച്ച് ഇന്ത്യയിൽ അയ്യായിരത്തിലധികം കൊറോണ വൈറസ് വകഭേദങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ 7,000 ത്തിലധികം കൊറോണ വൈറസ് വകഭേധങ്ങളുണ്ടെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോർട്ട്.
യുകെ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ സ്ഥിരീകരിച്ച വൈറസുകൾ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ത്യയിലും ഈ വൈറസുകളുടെ വ്യാപനത്തെക്കുറിച്ചുള്ള പഠനം നടത്തുന്നുണ്ട്. ഇതിനായി പത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉൾപ്പെടുന്ന സാർസ്-കൊവ്-2 ജെനോമിക് കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ട്. സിസിഎംബിയും ഈ കൺസോർഷ്യത്തിന്‍റെ ഭാഗമാണ്.