ന്യൂഡല്‍ഹി: രാജ്യത്ത് 54 ലക്ഷത്തിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 54,16,849 പേരാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കുത്തിവെപ്പെടുത്തത്. 6,73,542 പേര്‍ യുപിയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്‌ട്രയില്‍ 4,34,943 പേരും മൂന്നാമതുള്ള കര്‍ണാടകയില്‍ 3,60,592 പേരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 21 ദിവസത്തിനുള്ളില്‍ 50 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ രാജ്യമാണ് ഇന്ത്യയെന്നും ആരോഗ്യ മന്ത്രാലയം പ്രസ്‌താവനയില്‍ പറയുന്നു.
24 മണിക്കൂറിനുള്ളിൽ 10,502 സെഷനുകളിലായി 4,57,404 പേർക്ക് വാക്‌സിനേഷൻ നൽകി. ഇതുവരെ 1,06,303 സെഷനുകള്‍ പൂര്‍ത്തിയാക്കി. വാക്‌സിന്‍ എടുത്തവരില്‍ 3,01,537 ആരോഗ്യ പ്രവര്‍ത്തകരും 1,55,867 മുന്‍നിര പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. രാജ്യത്താകെ ഇതുവരെ 20 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ പുതുതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളില്‍ 83.3 ശതമാനവും മഹാരാഷ്‌ട്ര, കേരളം, ഗുജറാത്ത്, തമിഴ്‌നാട്, ചത്തീസ്‌ഗഢ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ്. രാജ്യത്ത് ഇതുവരെ 1,08,14,304 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ 1,54,918 പേര്‍ ഇതുവരെ മരിച്ചതായാണ് റിപ്പോര്‍ട്ട്. 24 മണിക്കൂറിനിടെ 95 പേര്‍ കൂടി കൊവിഡ് മൂലം രാജ്യത്ത് മരിച്ചു.