ന്യൂഡല്‍ഹി: യുവാക്കളെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള "അഗ്നിപഥ്" പദ്ധതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ 34 ട്രെയിനുകള്‍ പൂര്‍ണമായും എട്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. അഞ്ച് എക്‌സ്പ്രസ് ട്രെയിനുകളും 29 പാസഞ്ചര്‍ ട്രെയിനുകളുമാണ് റദ്ദാക്കിയത്. പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ 72 ട്രെയിനുകള്‍ വൈകി സര്‍വ്വീസ് നടത്തിയതായും റെയില്‍വേ അറിയിച്ചു.
അഗ്നിപഥ് പദ്ധതി പ്രഖ്യാപനത്തെ തുടര്‍ന്ന് നംഗ്ലോയില്‍ പ്രതിഷേധക്കാര്‍ നിരവധി ട്രെയിനുകള്‍ നശിപ്പിക്കുകയും റെയില്‍വേ സ്റ്റേഷന്‍ ആക്രമിക്കുകയുമുണ്ടായി. ഇത്തരം ജോലികള്‍ ലഭിക്കുന്നതിനായി രണ്ട് മൂന്ന് വര്‍ഷങ്ങള്‍ മുമ്പ് തങ്ങള്‍ അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കിയെങ്കിലും പരീക്ഷ നടന്നില്ലെന്നും ഇപ്പോള്‍ തങ്ങള്‍ക്ക് പ്രായം അതിക്രമിച്ചെന്നും പ്രതിഷേധക്കാര്‍ പൊലീസിനോട് പറഞ്ഞു. വർഷങ്ങളായി കരസേനയിലേക്കുള്ള റിക്രൂട്ട്‌മെന്‍റ് സർക്കാർ നടത്തിയിട്ടില്ലെന്നും പെൻഷനോ ഭാവി ജോലിയോ ഉറപ്പുനൽകാതെയാണ് നാല് വർഷത്തേക്ക് മാത്രം തൊഴിൽ നൽകുന്ന അഗ്നിപഥ് പദ്ധതിയുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
പ്രതിഷേധത്തെ തുടര്‍ന്ന് ഉച്ചയോടെ പൊലീസ് എത്തിയാണ് സമരക്കാരെ അനുനയിപ്പിച്ച് പിരിച്ച് വിട്ടത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ സോണിൽ മാത്രം 22 ട്രെയിനുകളാണ് റദ്ദാക്കിയത്. കരസേനയിലും നാവിക സേനയിലും വ്യോമസേനയിലും സൈനികരെ ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യുന്നതിനായി ചൊവ്വാഴ്ചയാണ് കേന്ദ്രം അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്.
ഇതേ തുടര്‍ന്നാണ് രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ശക്തമായത്. ജഹനാബാദ്, ബക്‌സർ, നവാഡ ജില്ലകളിലെ റെയിൽവേ, റോഡ് ഗതാഗതം പൂര്‍ണമായും പ്രതിഷേധക്കാര്‍ തടസപ്പെടുത്തി. ബിഹാർ, മധ്യപ്രദേശ്, ഹരിയാന എന്നി സംസ്ഥാനങ്ങളില്‍ പ്രതിഷേധം ഇനിയും അണഞ്ഞിട്ടില്ല.
also read: അഗ്നിപഥിനെതിരെ ജനം തെരുവിൽ, ഗ്വാളിയോറിൽ ട്രെയിനുകൾക്ക് നേരെ ആക്രമണം