ദിസ്‌പൂർ: അസമിലെ സില്‍ചാര്‍ വിമാനത്താവളത്തില്‍ എത്തിയ 300ഓളം യാത്രക്കാര്‍ നിര്‍ബന്ധിത കൊവിഡ് പരിശോധനക്ക് വിധേയരാകാതെ പോയെന്ന് റിപ്പോർട്ട്. ബുധനാഴ്ചയാണ് സംഭവം. നിയമലംഘനം നടത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് സിൽചാർ വിമാനത്താവളത്തിലും ടിക്കോള്‍ മോഡല്‍ ആശുപത്രിയിലുമായാണ് പരിശോധന. ആറ് വിമാനങ്ങളിലായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 690 യാത്രക്കാരാണ് എത്തിച്ചേർന്നത്. 198 യാത്രക്കാർ പരിശോധനക്ക് വിധേയരായി. ഇവയിൽ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നാൽ പരിശോധനക്ക് വിധേയരാകാത്തവരുടെ വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും ഐപിസി സെക്ഷൻ 188 പ്രകാരം നിയമം ലംഘിച്ചവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് സംസ്ഥാനത്തേക്ക് വരുന്ന എല്ലാ യാത്രക്കാരും ആന്‍റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാകണമെന്ന് അസം സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഏഴ് ദിവസത്തെ ക്വാറന്‍റൈനും നിർദേശിക്കുന്നു.
അസമിൽ മൊത്തം 2,29,138 കൊവിഡ് ബാധിതരാണുള്ളത്. 1,150 രോഗികൾ ഇതുവരെ വൈറസ് ബാധിച്ചു മരിച്ചു.