ഡെറാഡൂണ്‍: ഹരിദ്വാറില്‍ കുംഭമേളയില്‍ പങ്കെടുത്ത 1,701 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് ദിവസത്തെ കാലയളവിൽ ഹരിദ്വാർ മുതൽ ദേവപ്രയാഗ് വരെ നീളുന്ന വിവിധ ആഖാറകളുടെയും (സന്യാസ ഗ്രൂപ്പുകളുടെ) ഭക്തരുടെയും കാഴ്ചക്കാരുടെയും ആർടി-പിസിആർ, റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ് റിപ്പോർട്ടുകൾ ഇതിലുള്‍പ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ ഉത്സവ വേദി കൊവിഡ് വ്യാപനത്തില്‍ വലിയ പങ്ക് വഹിക്കുമോ എന്ന ആശങ്ക ശക്തമാണ്. കൂടുതൽ ആർടി-പിസിആർ പരിശോധന റിപ്പോർട്ടുകള്‍ക്കായി ആരോഗ്യവകുപ്പ് കാത്തിരിക്കുകയാണ്. അതോടെ രോഗികളുടെ എണ്ണം 2000 കടക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍.
ഹരിദ്വാറിലെ വിവിധ മേഖലകളിലായി 670 ഹെക്ടര്‍ സ്ഥലത്താണ് കുംഭമേള നടക്കുന്നത്. ഏകദേശം 48.51 ലക്ഷം പേര്‍ ഏപ്രില്‍ 12 മുതല്‍ 14 വരെ മേളയില്‍ പങ്കെടുത്തിട്ടുണ്ട്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങളെല്ലാം ഇവിടെ ലംഘിക്കപ്പെടുകയാണ്. മാർച്ച് 11നായിരുന്നു ആദ്യ ഷാഹി സ്‌നാനം. രണ്ടാമത്തെ ഷാഹി സ്‌നാനം ഏപ്രിൽ 12നുമായിരുന്നു.
നാസിക്, ഹരിദ്വാർ, പ്രയാഗ്‌രാജ്, ഉജ്ജയിന്‍ എന്നീ സ്ഥലങ്ങളിലായാണ് കുംഭമേള നടക്കുന്നത്. സാധാരണ നാലുമാസം നീണ്ടുനിൽക്കുന്ന കുംഭമേള കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു മാസത്തേക്ക് ചുരുക്കിയിരിക്കുകയാണ്.