ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ നൽകിയ കൊവിഡ് വാക്സിൻ 14.78 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 21,18,435 സെഷനുകളിലായി 14,78,27,367 ഡോസ് വാക്സിൻ നൽകിയതായും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25 ലക്ഷത്തിലധികം വാക്സിനേഷൻ ഡോസുകൾ നൽകിയെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. രാജ്യത്ത് ഇതുവരെ നൽകിയിട്ടുള്ള മൊത്തം ഡോസുകളിൽ 67.26 ശതമാനവും 10 സംസ്ഥാനങ്ങളിലായാണെന്ന് മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 2,61,162 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ആകെ രോഗമുക്തമായവരുടെ എണ്ണം 1,48,17,371 ആയി.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,60,960 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 66,358 പുതിയ രോഗികളുമായി മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. പുതിയ കേസുകളിൽ 73.59 ശതമാനവും മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ്. രാജ്യത്ത് നിലവിൽ 29,78,709 കൊവിഡ് ബാധിതരുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,293 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1.12 ശതമാനമാണ് മരണനിരക്ക്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 895 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദാമൻ, ഡിയു, ദാദ്ര, നഗർ ഹവേലി, ലക്ഷദ്വീപ്, മിസോറം, അരുണാചൽ പ്രദേശ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.