ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ മരണ സംഖ്യയും വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ മാത്രം സര്‍ക്കാരിന്‍റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം ആയിരത്തിലധികം പേരാണ് ഡല്‍ഹിയില്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. മരണസംഖ്യയിലെ വര്‍ധനവ് ശ്മശാനങ്ങളിൽ സംസ്കരണത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന്, കൂട്ട സംസ്കരണമാണ് ശ്മശാനങ്ങളില്‍ നടക്കുന്നത്.
കിഴക്കൻ ഡല്‍ഹിയിലെ ഗാസിപൂർ ശ്മശാനത്തിലെ പാർക്കിങ് പ്രദേശത്ത് നൂറുകണക്കിന് മൃതദേഹങ്ങളാണ് ചിതയൊരുക്കി കത്തിച്ചത്. സമാനമായ രീതിയില്‍ മൃതദേഹങ്ങള്‍ കത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. കിഴക്കൻ ഡല്‍ഹിയിലെ മുനിസിപ്പൽ കോർപ്പറേഷൻ താൽകാലികമായി ശ്മശാനങ്ങൾ നിർമിച്ചിട്ടുണ്ട്. ഗാസിപൂരിലെ 48 ശ്മശാനങ്ങളും അവയുടെ സംസ്കരണ ശേഷിയില്‍ കവിഞ്ഞാണ് പ്രവർത്തിക്കുന്നത്.