ന്യൂഡല്‍ഹി : 2021 നവംബറില്‍ 1.75 ദശലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി സമൂഹ മാധ്യമമായ വാട്ട്‌സ്ആപ്പ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ കംപ്ലയിൻസ് റിപ്പോർട്ടിലാണ് വാട്ട്‌സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപഭോക്താക്കളില്‍ നിന്ന് 602 പരാതികള്‍ ലഭിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.
നവംബർ മാസത്തെ ആറാമത്തെ പ്രതിമാസ റിപ്പോർട്ടാണ് വാട്‌സ്‌ആപ്പ് പ്രസിദ്ധീകരിച്ചത്. ഇത് പ്രകാരം നവംബറിൽ 17,59,000 ഇന്ത്യന്‍ അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ട്. വാട്ട്‌സ്ആപ്പിന് ലഭിച്ച ഉപയോക്തൃ പരാതികളുടെയും വാട്ട്‌സ്ആപ്പ് സ്വീകരിച്ച അനുബന്ധ നടപടികളുടെയും വിശദാംശങ്ങളും വാട്ട്‌സ്ആപ്പിന്‍റെ സ്വന്തം പ്രതിരോധ പ്രവർത്തനങ്ങളും ഉള്‍പ്പെടുന്നതാണ് ഉപയോക്തൃ-സുരക്ഷ റിപ്പോർട്ട്.
ഓട്ടോമേറ്റഡ് അല്ലെങ്കിൽ സ്‌പാം മെസേജിന്‍റെ അനധികൃത ഉപയോഗമാണ് 95 ശതമാനത്തിലധികം നിരോധനങ്ങൾക്കും കാരണമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 2 ദശലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകളാണ് ഒക്ടോബറിൽ നിരോധിച്ചത്.
Also read: ദേശീയ വനിത കമ്മിഷനിൽ 2021ൽ ലഭിച്ചത് 31,000ത്തോളം പരാതികൾ ; 2014ന് ശേഷമുള്ള ഉയർന്ന നിരക്ക്
നവംബറിൽ അക്കൗണ്ട് സപ്പോർട്ടിനായി 149 റിപ്പോര്‍ട്ടുകളും ബാൻ അപ്പീലിനായി 357 റിപ്പോര്‍ട്ടുകളും ലഭിച്ചു. പ്രൊഡക്റ്റ് സപ്പോര്‍ട്ട് വിഭാഗത്തില്‍ 48, സുരക്ഷ വിഭാഗത്തില്‍ 27, അതര്‍ സപ്പോര്‍ട്ടുകള്‍ എന്ന വിഭാഗത്തില്‍ 21 ഉപയോക്തൃ റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞ മെയ് മാസം പ്രാബല്യത്തില്‍ വന്ന പുതിയ ഐടി ദേദഗതി നിയമം അനുസരിച്ച് 5 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എല്ലാ മാസവും ലഭിച്ച പരാതികളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങള്‍ പരാമർശിക്കുന്ന കംപ്ലയിന്‍സ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണം.