തമിഴ്‌നാട്: ഓസ്‌കർ വേദിയിൽ ഇന്ത്യൻ വസന്തം വിരിഞ്ഞ ഇന്നലെ ഏറെ ചർച്ചകൾക്ക് വഴി വച്ച അവാർഡുകളിൽ ഒന്നായിരുന്നു ഡോക്യുമെന്‍ററി വിഭാഗത്തിൽ 'എലഫന്‍റ് വിസ്‌പേഴ്‌സ്' നേടിയ അംഗീകാരം. കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം നിർവഹിച്ച ദ 'എലഫന്‍റ് വിസ്‌പേഴ്‌സ്' ഗുനീത് മോംഗയാണ് നിര്‍മ്മിച്ചിരിക്കുന്നത്. അനാഥനായ ഒരു ആനക്കുട്ടിയും അതിന്‍റെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലഫന്‍റ് വിസ്‌പേഴ്‌സിന്‍റെ പ്രമേയം.
ഇലക്‌ട്രിക്ക് ഷോക്കടിച്ച് അമ്മ ചരിഞ്ഞ രഘു എന്ന കുട്ടിയാനയെ മകൾ മരിച്ച മുതുമല തെപ്പക്കാട് ആന ക്യാമ്പിലെ ജോലിക്കാരായ ദമ്പതികൾ എടുത്തു വളർത്തുന്ന കഥയാണ് ഡോക്യുമെന്‍ററി പറയുന്നത്. ആഗോള തലത്തിൽ ഇന്ന് രഘുവും ദമ്പതികളും ചർച്ചയാകുമ്പോൾ ആനക്കുട്ടിയെ കാണാൻ നിരവധി വിനോദസഞ്ചാരികളാണ് മുതുമലയിൽ എത്തുന്നത്. 'ഇതൊരു മഹത്തായ നിമിഷമാണ്. ഇവിടെ വന്നതിൽ സന്തോഷമുണ്ട്. ആനയാണ് എന്‍റെ പ്രിയപ്പെട്ട മൃഗം, സിനിമ ഓസ്‌കർ നേടിയത് എന്നെ സന്തോഷിപ്പിക്കുകയും ആവേശഭരിതനാക്കുകയും ചെയ്യുന്നു,' മുതുമലയിൽ എത്തിയ ടൂറിസ്റ്റ് പറയുന്നു.
ഹൃദ്യം ഈ ബന്ധം: വന്യജീവി ആക്രമണം നിരന്തരം വാർത്തയാകുന്ന കാലത്ത് പരിക്കേറ്റ കുഞ്ഞ് ആനയെ ബൊമ്മൻ-ബെല്ലി എന്നി തദ്ദേശീയ ദമ്പതികൾ വളർത്തിയെടുക്കുന്നതാണ് ഡോക്യുമെന്‍ററി. തമിഴ്‌നാട്ടിലെ മുതുമല ദേശീയോദ്യാനത്തിലെ ചോലനായ്‌ക്കർ വിഭാഗം പ്രകൃതിക്ക് ഭാരമാകാതെ എങ്ങനെയാണ് ഇഴുകി ചേരുന്നതെന്നും ഡോക്യുമെന്‍ററി വരച്ച് കാണിക്കുന്നുണ്ട്. പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന ഗോത്രവർഗക്കാരുടെ ജീവിതത്തെ കൂടി അടയാളപ്പെടുത്തുന്ന ഡോക്യുമെന്‍ററിയുടെ ഓരോ ഷോട്ടുകളും അതിമനോഹരമായ വനത്തിന്‍റെ ഭംഗിയും പകർത്തിയിട്ടുണ്ട്.
ജീവിക്കുമോ എന്ന് പ്രതീക്ഷ ഇല്ലാതിരുന്ന രഘു, ബൊമ്മന്‍റെയും ബെല്ലിയുടെയും പരിശ്രമത്തെ തുടർന്ന് ആരോഗ്യമുള്ളവനായി പരിണമിക്കുന്നു. ദമ്പതികളും ആനയും തമ്മിൽ ശക്തമായ ഒരു ബന്ധം ഉടലെടുക്കുകയും ചെയ്യുന്നു. രഘുവിനെ സ്വന്തം മകനെപ്പോലെ താലോലിച്ചും തലോടിയും ശാസിച്ചും വളർത്തുന്ന ദമ്പതികളെ ആരുടെയും കണ്ണ് നിറക്കും.
ഡോക്യുമെന്‍ററിയുടെ സംവിധായക കാർത്തികി ഗോൺസാൽവസും നിർമ്മാതാവ് ഗുണീത് മോംഗയും തിങ്കളാഴ്ച നടന്ന 95-ാമത് അക്കാദമി അവാർഡിൽ സുവർണ്ണ പ്രതിമ വാങ്ങി നടത്തിയ മറുപടി പ്രസംഗം വൈകാരികമായിരുന്നു. 'നമ്മളും നമ്മുടെ പ്രകൃതിയും തമ്മിലുള്ള പവിത്രമായ ബന്ധത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്. തദ്ദേശീയ സമൂഹങ്ങളുടെ, മറ്റ് ജീവജാലങ്ങളുടെയും അസ്‌തിത്വത്തിന് ഒപ്പം നമ്മൽ നമ്മുടെ ഇടം പങ്കിടുന്നു. സഹ-അസ്‌തിത്വം രൂപാന്തരപ്പെടുന്നു.
തദ്ദേശീയരായ മനുഷ്യരെയും മൃഗങ്ങളെയും ഉയർത്തിക്കാട്ടുന്ന ഞങ്ങളുടെ സിനിമയെ അംഗീകരിച്ചതിന് അക്കാദമിക്ക് നന്ദി. ഈ സിനിമയുടെ ശക്തിയിൽ വിശ്വസിച്ചതിന് നെറ്റ്ഫ്ലിക്‌സിന്. എന്‍റെ നിർമ്മാതാവ് ഗുനീതിന്, എന്‍റെ മുഴുവൻ ടീമിനും, എന്‍റെ അമ്മയ്ക്കും അച്ഛനും സഹോദരിക്കും. നിങ്ങൾ എന്‍റെ പ്രപഞ്ചത്തിന്‍റെ കേന്ദ്രമാണ്, എന്‍റെ മാതൃരാജ്യമായ ഇന്ത്യക്കും,' കാർത്തികി പറഞ്ഞു.
ഇതാദ്യമായല്ല ഗുനീത് മോംഗ ഓസ്‌കാർ നേടുന്നത്. 2019-ൽ മോംഗയുടെ ഡോക്യുമെന്‍ററി 'പീരിയഡ്.എൻഡ് ഓഫ് സെന്‍റൻസ്' ഡോക്യുമെന്‍ററി ഷോർട്ട് സബ്‌ജക്‌ട് വിഭാഗത്തിൽ ഓസ്‌കർ നേടിയിരുന്നു.